ഏത് നിമിഷവും നടുറോഡിൽ പ്രത്യക്ഷപ്പെടാം, പേടിസ്വപ്നമായി കബാലിയും ഗണപതിയും; 10 വർഷത്തിൽ പൊലിഞ്ഞത് 6 ജീവൻ
തൃശൂര്‍: വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ആദിമ മനുഷ്യ കാലം തൊട്ടേ ഇതിങ്ങനെ തുടരുകയാണ്. എന്നാല്‍ ഇപ്പോഴാണ് പ്രശ്നം അതിരൂക്ഷമായത്. തൃശൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം കൊണ്ടും ജനം പൊറുതിമുട്ടുന്നു. പ്രധാനമായും അതിരപ്പള്ളി മേഖലയിലാണ് വന്യമൃഗശല്യം കൂടുന്നത്. പ്രധാന ശല്യക്കാരന്‍ കാട്ടാനയാണ്. അതിരപ്പള്ളി മേഖലയിലെ കാട്ടാന ശല്യം അടുത്തിടെയാണ് കൂടിയത്. ‘കബാലി’, ‘-ഏഴാറ്റുമുഖം ഗണപതി’ തുടങ്ങിയവരാണ് ജനങ്ങളുടേയും വിനോദസഞ്ചാരികളുടേയും പ്രധാന വില്ലന്‍മാര്‍. അതിരപ്പള്ളി എണ്ണ പനതോട്ടങ്ങളും മറ്റുമാണ് ഇവരുടെ പ്രധാന വിഹാരമേഖല. അതിരപ്പള്ളി-വാഴാനി-മലക്കാപ്പാറ റൂട്ടിൽ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികള്‍ക്കും ഈ ആനക്കൂട്ടം ഉയർത്തുന്ന ഭീക്ഷണി ചില്ലറയല്ല. വനമേഖലയോടു ചേര്‍ന്നുള്ള കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ വാഴക്കൃഷിയും തെങ്ങുമെല്ലാം നശിപ്പിക്കുന്നു. ആനകളെ പേടിച്ച് ചക്ക മിക്കവരും പഴുക്കാന്‍ നിര്‍ത്താതെ പൊട്ടിച്ചെടുക്കുകയാണ്. ചക്കയുടെ മണംപിടിച്ച് ആനകൾ എത്തുകയും പതിവാണ്. ഈ മേഖലയിലേക്കുള്ള ആനയുടെ വരവ് തടയാന്‍ ചിലയിടങ്ങളില്‍ സൗരവേലി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ സ്ഥലങ്ങളിലും വേലിയില്ല.
കാട്ടാന ആക്രമണം പതിവായ മേഖലയില്‍ 10 വര്‍ഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് ആറു പേര്‍ക്കാണ്. പെരിങ്ങല്‍ക്കുത്ത് ഊരിലെ കുമാരന്‍, വാഴച്ചാല്‍ കോളനിയിലെ കരുണാകരന്‍, പിള്ളപ്പാറ കോളനിയിലെ ശിവന്‍, വെറ്റിലപ്പാറയിലെ കുഞ്ചു, കണ്ണന്‍കുഴിയിലെ അഞ്ചു വയസുകാരി ആഗ്‌നീമിയ, വാച്ചുമരം കോളനിയിലെ വത്സ എന്നിവരാണ് ആനക്കലിയില്‍ കൊല്ലപ്പെട്ടത്. ഓരോ തവണയും ആനയുടെ ആക്രമണത്തില്‍ മരണം സംഭവിക്കുമ്പോൾ വന്‍ പ്രതിഷേധങ്ങൾ ഉയരും. എന്നാല്‍ അതെല്ലാം താല്‍കാലികം മാത്രമാണ്. 2022 ഫെബ്രുവരി ഏഴിന് കണ്ണന്‍കുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആഗ്‌നീമിയയുടെ ജീവന്‍ നഷ്ടമായതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കാട്ടാന ആക്രമണം തടയാന്‍ സൗരോര്‍ജ്ജ വേലിയടക്കം വിവിധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രിമാര്‍ അടക്കം ജനപ്രതിനിധികള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒന്നും പൂര്‍ണമായി നടപ്പിലായിട്ടില്ല.
ആനകൾ റോട്ടിൽ ഇറങ്ങി യാത്രക്കാരുടെ തടസം സൃഷ്ടിക്കുന്നതും പുതിയ വാർത്തയല്ല. ഇത്തരം പല സന്ദർഭങ്ങളിലും വാഹനം തകരുന്നതുൾപ്പെടെ ആളുകൾ മരിച്ച സംഭവം വരെയുണ്ട്. കാര്‍, ബൈക്ക്, ജീപ്പ്, കെ.എസ്.ആര്‍.ടി.സി ബസ് തുടങ്ങി രോഗികളുമായി പോകുന്ന ആംബുലന്‍സ് വരെ കൊമ്പന്മാര്‍ തടയും. പ്രധാനമായും കബാലി എന്ന ആനയാണ് വഴിമുടക്കി. ഇടയ്ക്ക് മറ്റു ചില കൊമ്പന്മാരും വഴിതടയാന്‍ ഇറങ്ങും. ചില സമയങ്ങളില്‍ കൂട്ടത്തോടെയാകും ഇവരുടെ വഴി തടഞ്ഞുള്ള അഭ്യാസം. ദിവസങ്ങളുടെ ഇടവേളയില്‍ നിരവധി തവണയാണ് കൊമ്പന്‍ കബാലി വാഹനങ്ങള്‍ തടഞ്ഞത്. ഇതോടെ യാത്രക്കാരുടെ പേടി സ്വപ്നമായി ഈ കൊമ്പന്‍ മാറി. ഒരു തവണ റോഡിലേക്ക് മരം മറിച്ചിട്ട് മണിക്കൂറുകളോളം ആണ് കബാലി ഗതാഗതം തടസപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചാലക്കുടി കാനനപാതയില്‍ ഒറ്റയാന്റെ പരാക്രമം വലിയ വാര്‍ത്തയായിരുന്നു. ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിനുനേരെയാണ് അന്ന് കാട്ടാന ആക്രമണമുണ്ടായത്. കല്യാണി പ്രിയദര്‍ശന്‍ – നസ്ലെന്‍ ടീം ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘമായിരുന്നു കാറിലുണ്ടായിരുന്നത്.
കണ്ണംകുഴി ക്ഷേത്രത്തിന് സമീപമായിരുന്നു ആക്രമണം. കാറിന്റെ ഇടതുഭാഗം കൊമ്പുകൊണ്ട് കുത്തിപ്പൊക്കി പിന്നീട് താഴെയിടുകയും ചെയ്തു. കണ്ണംകുഴി സ്വദേശിയായ അനിലിന്റെ കാറിലായിരുന്നു സിനിമാ സംഘം സഞ്ചരിച്ചിരുന്നത്. ഒറ്റയാന്‍ ഇപ്പോഴും ജനവാസ മേഖലയില്‍ തന്നെ ചുറ്റിത്തിരിയുന്നുണ്ട്. കഴിഞ്ഞ ദിവസം അന്തര്‍സംസ്ഥാന പാതയില്‍ റോഡിലിറങ്ങി ഗതാഗത തടസം സൃഷ്ടിച്ചത് ഒരു പിടിയാന ആയിരുന്നു. അതിരപ്പള്ളിയിലെ മുറിവാലന്‍ പിടിയാന. ആനയെ വനപാലകരെത്തി കാടുകയറ്റി വിട്ടു. ആനയ്ക്ക് പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മലക്കപ്പാറ റൂട്ടില്‍ പെരുമ്പാറക്ക് സമീപം പത്തടിപാലത്തിനരികിലാണ് നടുറോഡില്‍ നിലയുറപ്പിച്ച് പിടിയാന ആശങ്ക പരത്തിയത്. അക്രമസ്വഭാവമൊന്നും കാണിച്ചിരുന്നില്ലെങ്കിലും നടുറോഡില്‍ നിലയുറപ്പിച്ച ആനയെ ഭയന്ന് വാഹനങ്ങള്‍ വഴിയില്‍ കിടന്നു.
ഇതോടെ റോഡില്‍ വാഹനങ്ങളുടെ നീണ്ടനിരയായി. വഹനത്തിലുണ്ടായവര്‍ റോഡിലിറങ്ങി ഫോട്ടോയെടുക്കാന്‍ ശ്രമം നടത്തിയതും ആശങ്കയ്ക്ക് കാരണമായി. ഉച്ചയോടെയാണ് വനംവകുപ്പെത്തി ആനയെ കാട്ടിലേക്ക് കയറ്റിവിട്ടത്. പ്രായാധിക്യ പ്രശ്‌നമുള്ളതിനാല്‍ ആന കാടുകയറിയാലും നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. അതിനിടെ വെറ്റിലപ്പാറയില്‍ ഇറങ്ങിയ കാട്ടാനകൂട്ടം ചായക്കട തകര്‍ത്തു. വെറ്റിലപ്പാറ പാലത്തിന് അക്കരയുള്ള താൽക്കാലിക ചായക്കടയും അനുബന്ധ ഷെഡുകളുമാണ് തകര്‍ത്തത്. വെറ്റിലപ്പാറ സ്വദേശി ജിജോയുടെ ചായക്കടയാണ് തകർത്തത്. ഇതിനോട് ചേര്‍ന്നുള്ള ദാസന്‍, ജോസഫ് എന്നിവരുടെ ഷീറ്റ് കെട്ടിയ ഷെഡുകളും ഭാഗികമായി തകര്‍ത്തിട്ടുണ്ട്.