കാട്ടിൽ കയറി കുട്ടിക്കൊമ്പനെ വെടിവച്ച് കൊന്നു, ആനക്കൊമ്പ് കൈക്കലാക്കിയ 3 പ്രതികൾ; ശിക്ഷ വിധിച്ച് കോടതി
കൊച്ചി: എറണാകുളം കുട്ടമ്പുഴ ആനവേട്ട കേസിലെ പ്രതികൾക്ക് 4 വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കത്തിപ്പാറ റിസർവ്വ് വനത്തിൽ നിന്നും 6 വയസുള്ള കുട്ടിക്കൊമ്പനെ വെടിവച്ച് കൊന്ന് ആനക്കൊമ്പ് ശേഖരിച്ച് വിൽപ്പന നടത്തുവാൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. മാമലക്കണ്ടം സ്വദേശി അജി, സഹോദരൻ ബാബു, ഷാജി എന്നിവരെയാണ് കോതമംഗലം കോടതി ശിക്ഷിച്ചത്.
കുട്ടമ്പുഴ റെയ്ഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കത്തിപ്പാറ റിസർവ്വ് വനത്തിൽ നിന്നും 6 വയസുള്ള കുട്ടിക്കൊമ്പനാനയെ വെടിവച്ച് കൊന്ന് ആനക്കൊമ്പ് ശേഖരിച്ച് വിൽപ്പന നടത്തുവാനാണ് പ്രതികൾ ശ്രമിച്ചത്. കേസിൽ ഒന്നാം പ്രതി കുട്ടമ്പുഴ മാമലക്കണ്ടം കുരുവിപ്പുറത്ത് വീട്ടിൽ നാരായണൻ മകൻ അജി, അഞ്ചാം പ്രതിയും സഹോദരനുമായ ബാബു, മൂന്നാം പ്രതി കുട്ടമ്പുഴ മാമലക്കണ്ടം കുരുവിപ്പുറത്ത് വീട്ടിൽ ചെല്ലപ്പൻ മകൻ ഷാജി എന്നിവരെയാണ് കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ഇ എൻ ഹരിദാസൻ ശിക്ഷ വിധിച്ചത്.