Uncategorized

കോട്ടയം നഗരസഭയുടെ 20 വർഷത്തെ കണക്കുകളിൽ വ്യാപക പൊരുത്തക്കേട് , വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നെഗറ്റീവ് ബാലൻസ്

കോട്ടയം:നഗരസഭയിലെ സാമ്പത്തിക ക്രമക്കേടില്‍ മുനിസിപ്പൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് നടത്തിയ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്.നഗരസഭയുടെ 20 വർഷത്തെ കണക്കുകളിൽ പൊരുത്തക്കേടുണ്ട്. ചെക്ക് ആൻഡ് ഡ്രാഫ്റ്റ് രജിസ്റ്റർ സൂക്ഷിക്കുന്നില്ല.ബാങ്കുകളിലേ റീ കൺസിലിയേഷൻ സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ല.നഗരസഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നെഗറ്റീവ് ബാലൻസ് കണ്ടെത്തി. അക്കൗണ്ട് സംബന്ധമായ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത് വേണ്ടത്ര പരിചയമോ പരിശീലനമോ ഇല്ലാത്ത ക്ലറിക്കൽ ജീവനക്കാരാണ്

നഗരസഭ അധികൃതർ പരിശോധനയോട് സഹകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ കൈമാറിയില്ല.അക്കൗണ്ട്സ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങളും കൈമാറിയില്ല.അതേ സമയം നഗരസഭയിലെ ക്രമക്കേടിൽ രാഷ്ട്രീയ പോര് മുറുകുകയാണ്… കോൺഗ്രസ് ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ തെരുവിലിറങ്ങി കഴിഞ്ഞു. ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെ ചേമ്പറിൽ കയറിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചത്.

യുവജന സംഘടനകളുടെ പരസ്യ സമരത്തിന് പിന്തുണ നൽകുന്ന എൽഡിഎഫ് നേതൃത്വം മറുവശത്ത് നിയമപോരാട്ടം തുടങ്ങുകയാണ്. വിജിലൻസ് അന്വേഷണത്തിൽ കുറയാത്ത അന്വേഷണമാണ് എൽഡിഎഫ് ആവശ്യം. മുനിസിപ്പൽ ഡയറക്ടറേറ്റ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 211 കോടി രൂപയുടെ ക്രമക്കേടിൽ കൃത്യമായ മറുപടി നൽകാൻ യുഡിഎഫ് ഭരിക്കുന്ന നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. നഗരസഭ കൗൺസിലിൽ യോഗത്തിലും ചെയർപേഴ്സൺ പാലിച്ചത് മൗനം. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് നിലപാട് കടുപ്പിക്കുന്നത്.

തനത് ഫണ്ടിൽ വിവിധ ബാങ്കുകളിൽ നിക്ഷേപിക്കേണ്ട തുകയാണ് കാണാതായത്. നിലവിൽ പുറത്ത് വന്ന പരിശോധന റിപ്പോർട്ടിൻ മേൽ തദ്ദേശ വകുപ്പിന്‍റെ അന്വേഷണം നടക്കുകയാണ്. മുമ്പ് നഗരസഭയിൽ പെൻഷൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ഇപ്പോഴും ഒളിവിൽ കഴിയുകയാണ് . ഇയാളെ സംരക്ഷിക്കുന്നതും കോൺഗ്രസ് എന്നാണ് എൽഡിഎഫ് ആരോപണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button