Uncategorized

ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനവുമായി മത്സരിച്ച് വന്നതാണ്, വണ്ടി ഡ്രൈവറുടെ കൈയ്യിന്ന് പോയതാ; ദൃക്‌സാക്ഷി

മത്സരയോട്ടമാണ് നെടുമങ്ങാട് ഇരിഞ്ചയത്തുണ്ടായ അപകടത്തിന്റെ കാരണമെന്ന് ദൃക്‌സാക്ഷി. ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനവുമായി മത്സരിച്ച് വന്നതാണ്. റോഡിലെ ടാറിങ് കട്ട് ഡ്രൈവർ കണ്ടിരുന്നിലായെന്നും അമിതവേഗതയിൽ എത്തിയപ്പോൾ വണ്ടി ഡ്രൈവറുടെ കൈയ്യിൽ നിന്ന് പോയതാണെന്നും അപകടം നടന്ന സ്ഥലത്തുണ്ടായവർ പറയുന്നു.

ബസ് തലകീഴായി മറിയുകയായിരുന്നു.അപകടത്തിൽ പരുക്കേറ്റ 26 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും 7 പേരെ എസ് എ ടിയിലേക്കും 15 പേർ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. നിലവിൽ ആരുടേയും പരുക്ക് ഗുരുതരമല്ല. കാട്ടാക്കടയില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദ യാത്ര പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കാട്ടാക്കട സ്വദേശിനിയായ 61 കാരി ദാസിനിയാണ് അപകടത്തിൽ മരണപ്പെട്ടത്.

കാട്ടാക്കടയില്‍ നിന്ന് നെടുമങ്ങാട് എത്തിയപ്പോള്‍ തന്നെ അപകടം സംഭവിക്കുകയായിരുന്നു.രാത്രി 10 .20 ഓടെയായിരുന്നു അപകടം നടന്നത്. ബസില്‍ 49 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. KL 21 Q 9050 എന്ന നമ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. മറിഞ്ഞ ബസ് ക്രെയിന്റെ സഹായത്തോടെ ഉയര്‍ത്തി. ബസിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നില്ല എന്നത് ആശ്വാസം പകരുന്നതാണ്. അതിനിടെ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button