Uncategorized
മലമ്പുഴയില്‍ അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ടയാൾ തീ കൊളുത്തി മരിച്ചു ; ആത്മഹത്യയെന്ന് പൊലീസ്
പാലക്കാട്: മലമ്പുഴയിൽ യുവാവ് തീകൊളുത്തി മരിച്ചു. മലമ്പുഴ മനക്കൽക്കാട് സ്വദേശി പ്രസാദ് (43) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ സംഭവിച്ച അപകടത്തില്‍ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടിരുന്നയാളായിരുന്നു പ്രസാദ്. വീടിനുളളിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. രാവിലെ 9.30 ക്കാണ് സംഭവമുണ്ടായത്.
ഓടിക്കൂടിയ നാട്ടുകാര്‍ വീടിന്റെ ജനാലയുടെ ചില്ല് തകര്‍ത്താണ് പ്രസാദിനെ പുറത്തെടുത്തത്. ഉളളില്‍ക്കയറി വെള്ളമൊഴിച്ച് തീ കെടുത്തിയായിരുന്നു രക്ഷാ പ്രവര്‍ത്തനം. ഇതിനു ശേഷം പൊലീസും ഫയര്‍ഫോഴ്സും എത്തി മുഴുവന്‍ തീയും അണയ്ക്കുകയായിരുന്നു. പ്രസാദിന്റെ അച്ഛന് വാസു, സഹോദരന് പ്രമോദ് എന്നിവര്‍ വീട്ടില്‍ നിന്നും പുറത്തു പോയ സമയത്താണ് പ്രസാദിന്റെ മരണം.