Uncategorized

ഫുൾ ചാർജ്ജിൽ 200 കിമി; സിഇടി വിദ്യാർത്ഥികളുടെ ഇവി പ്രോട്ടോടൈപ്പ് ഷെൽ ഇക്കോ മാരത്തോണിലേക്ക്

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക ഇലക്ട്രിക്ക് വാഹന പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്ത് തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ. സിഇടിയിലെ ഫോളിയം എക്കോ ഡ്രൈവ് സിഇടി എന്ന വിദ്യാർത്ഥികളുടെ കൂട്ടായ്‍മയാണ് ഈ വേറിട്ട പ്രോട്ടോ ടൈപ്പ് രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. ഖത്തറിലെ ദോഹയിൽ നടക്കുന്ന ഷെൽ ഇക്കോ മാരത്തോണിൽ ഈ മോഡൽ പ്രദർശനത്തിന് എത്തും. ഈ മത്സരത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കുന്ന ഏക ടീമാണ് ഫോളിയം എക്കോ ഡ്രൈവ് സിഇടി.

ഒറ്റ ചാർജ്ജിൽ ഏകദേശം 150 മുതൽ 200 കലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ഇലക്ട്രിക്ക് പ്രോട്ടോടൈപ്പിന് സാധിക്കും. വിപുലമായ രൂപകൽപ്പനയും സുസ്ഥിര എഞ്ചിനീയറിംഗും ഡിസൈനും കൊണ്ട് വേറിട്ടുനിൽക്കുന്നതാണ് ഈ പ്രോട്ടോടൈപ്പ് വാഹനത്തിന്‍റെ നിർമ്മിതി എന്ന് വിദ്യാർത്ഥികൾ പറയുന്നു. ഈ വാഹനത്തിന്‍റെ ബോഡി നിർമ്മിച്ചിരിക്കുന്നത് ഫ്ലാക്സ് ഫൈബർ എന്ന മെറ്റീരിയൽ ഉപയോഗിച്ചാണ്. ഈ ഫ്ലാക്സ് ഫൈബർ ബോഡി പാനലുകൾ വാഹനത്തിന്‍റെ ഭാരം കുറയ്ക്കുന്നതിനും റേഞ്ച് കൂട്ടുന്നതിനും സഹായിക്കുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു. വെറും 80 കിലോഗ്രാം മാത്രമാണ് ഈ പ്രോട്ടോടൈപ്പിന്‍റെ ആകെ ഭാരം. ഇത് അതിൻ്റെ എയറോഡൈനാമിക്സും ഊർജ്ജ കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നു. മാത്രമല്ല പ്രകൃതി സൗഹൃദപരമായ ഒരു നിർമ്മാണ വസ്‍തു കൂടിയാണ് ഫ്ലാക്സ് ഫൈബർ. ഈ പ്രോട്ടോ ടൈപ്പിൽ ഉപയോഗിക്കുന്ന മോട്ടോർ കണ്ട്രോളർ വിദ്യാർത്ഥികൾ സ്വന്തമായി വികസപ്പിച്ചെടുത്താണ് എന്നതും പ്രത്യേകതയാണ്.

ഒരു എടിഎം കാർഡിന്‍റെ അത്രയും വലിപ്പം മാത്രം ഉള്ളതാണ് ഈ വാഹനത്തിന്‍റെ കണ്ട്രോൾ പാനൽ. ഹബ് മോട്ടോർ ടെക്ക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ഹബ് മോട്ടോർ ടെക്ക് നോളജി പ്രോട്ടോടൈപ്പിന്‍റെ ടയറിൽ ഘടിപ്പിച്ചിരിക്കുന്നു. ഇത് മറ്റ് ട്രാൻസ്‍മിഷൻ സംവിധാനങ്ങളൊന്നും ഇല്ലാതെ തന്നെ വാഹനത്തെ മുന്നോട്ട് ചലിപ്പിക്കുന്നു. ഇത് ഈ പ്രോട്ടോടൈപ്പിന്‍റെ പ്രകടനം മികച്ചതാക്കുന്നു.

സിഇടിയിലെ 30 ഓളം വിദ്യാർത്ഥികളാണ് ഈ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തത്. ജൂലിയസ് ഷാജി, അർജ്ജുൻ അജയകുമാർ, നോയൽ തോമസ് ജേക്കബ്, അനീസ് അഹമ്മദ്, വിശാൽ ദാസ്, ശ്രീകാന്ത് ശ്രീകുമാർ, ഐശ്വര്യ അച്യുതൻ, പ്രവീൺ അർജ്ജുനൻ തുടങ്ങിയവർ നേതൃത്വം നൽകി. കൊച്ചുവേളിയിലും പരിസരത്തുമുള്ള പല കമ്പനികളും ഈ വാഹനത്തിന്‍റെ യന്ത്രഭാഗങ്ങൾ നിർമ്മിക്കാൻ സഹായിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫോളിയം ഇക്കോ-ഡ്രൈവ് സിഇടി ടീം, 2025-ലെ ഷെൽ ഇക്കോ-മാരത്തോൺ മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ പ്രതീക്ഷിക്കുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ വികസനത്തിലൂടെ ഒരു ഹരിതഭാവി സൃഷ്ടിക്കാൻ ടീം പ്രതിജ്ഞാബദ്ധമാണെന്നും ഫെബ്രുവരി 8 മുതൽ 12 വരെ ഖത്തറിലെ ദോഹയിൽ നടക്കുന്ന ഷെൽ ഇക്കോ മാരത്തൺ 2025-ൽ പങ്കെടുക്കാൻ സജ്ജമാണെന്നും വിദ്യാത്ഥികൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button