അഞ്ച് വയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തി, അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; 19കാരന് ജീവപര്യന്തം
തൃശൂർ: 5 വയസുകാരനെ വെട്ടി കൊലപ്പെടുത്തുകയും അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത അസം സ്വദേശിയായ 19 കാരൻ ജമാൽ ഹുസൈന് ജീവപരന്ത്യം തടവും പിഴയും വിധിച്ച് കോടതി. 2023 മാര്‍ച്ച് 30ന് മുപ്ലിയത്തെ ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്‌സ് കമ്പനിയില്‍വച്ചാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ നജ്മ ഖാത്തൂണ്‍, അച്ഛന്‍ ബഹാറുള്‍ എന്നിവര്‍ ബ്രിക്‌സ് കമ്പനിയിലെ ജോലിക്കാരായിരുന്നു. കമ്പനിയില്‍ തന്നെ ആയിരുന്നു താമസം. നജ്മയുടെ വല്യമ്മയുടെ മകനായ പ്രതി ജമാല്‍ ഹുസൈന്‍ സംഭവത്തിന്റെ തലേ ദിവസം ഇവരുടെ അടുത്തെത്തി.
നാട്ടിലെ സ്വത്തുതര്‍ക്കം മൂലം നജ്മയോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്ന പ്രതി, അത് കാണിക്കാതെ നജ്മയോടും കുടുംബത്തോടുമൊപ്പം രാത്രി കഴിയുകയും പിറ്റേ ദിവസം രാവിലെ നജ്മയുടെ ഭര്‍ത്താവ് ഫാക്ടറിയിലേക്ക് പോയ ഉടനെ, അടുക്കളയില്‍ ജോലി ചെയ്തിരുന്ന നജ്മയെ വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈകളിലും വെട്ടുകയും ഭക്ഷണം കഴിച്ചിരുന്ന അഞ്ചു വയസുകാരന്‍ മകന്‍ നജുറുള്‍ ഇസ്ലാമിനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.
ഇതിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ജോലിക്കാര്‍ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. വരന്തരപ്പിള്ളി പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. വരന്തരപ്പിള്ളി എസ്.എച്ച്.ഒ എസ്. ജയകൃഷ്ണന്‍ ആയിരുന്നു കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും വിസ്തരിച്ച 22 സാക്ഷികളെയും 40 രേഖകളും 11 ഓളം തൊണ്ടിമുതലുകളും പ്രതിക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചു.