Uncategorized

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന്, ഉറ്റുനോക്കി രാജ്യം; അഞ്ച് പ്രധാന പ്രതീക്ഷകൾ ഇതാ

ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇനി രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളു. ഫെബ്രുവരി 1 നാണു ബജറ്റ്, എല്ലാ കണ്ണുകളും ധനമന്ത്രിയിലേക്കാണ്. ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ ജനങ്ങൾക്ക് പ്രതീക്ഷ കൂടുമ്പോൾ ഈ വർഷത്തെ ബജറ്റ് കൂടുതൽ ശ്രദ്ധ നേടുന്നു. രാജ്യത്തെ പൗരന്മാരെ ശാക്തീകരിക്കാൻ പോന്ന പരിഷ്‌കാരങ്ങൾ ധനമന്ത്രി കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

നികുതി പരിഷ്‌കാരങ്ങൾ

നികുതി അടയ്ക്കുന്നതും ഇതുമായി സംബന്ധിച്ച എല്ലാ പ്രക്രിയകളും ലളിതമാക്കുമെന്നാണ് പ്രതീക്ഷ. വ്യക്തികൾക്കും ബിസിനസ്സുകൾക്കും കൂടാതെ പ്രവാസികൾക്കുമുള്ള നികുതി പ്രക്രിയകൾ സർക്കാർ ലഘൂകരിച്ചേക്കാം.

ജിഎസ്ടി ലളിതമാക്കൽ

ബിസിനസുകൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ അതായത് എംഎസ്എംഇകൾക്കും ജിഎസ്ടി സ്ലാബുകൾ പരിഷ്കരിക്കപ്പെട്ടേക്കാം. വേഗത്തിലുള്ള റീഫണ്ടുകളും ഉണ്ടായേക്കാം. ജിഎസ്ടി സംവിധാനം ലളിതമാക്കുന്നത് വ്യവസായ രംഗത്തേക്ക് കടന്നു വരുന്നവർക്ക് പ്രോത്സാഹനം നൽകും.

ഭവനവായ്പ പലിശ

വായ്പയെടുത്തവര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വെല്ലുവിളി സൃഷ്ടിക്കുമ്പോള്‍ ഇതിനെ മറികടക്കാനുള്ള എന്തെല്ലാം ആനുകൂല്യങ്ങള്‍ ധനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് രാജ്യത്തിന്‍റെ നഗരപ്രദേശങ്ങളില്‍ വീടുകളുടെ വില കുതിച്ചുയരുന്നതിനാല്‍ ഉയര്‍ന്ന ഇളവുകള്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. സെക്ഷന്‍ 80സി, 24ബി (പഴയ നികുതി വ്യവസ്ഥ) പ്രകാരം നിലവിലുള്ള നികുതി കിഴിവുകള്‍ അപര്യാപ്തമാണെന്നും ഇവര്‍ പറയുന്നു.

മൂലധന നേട്ട നികുതി

ഇക്വിറ്റികളിലും റിയൽ എസ്റ്റേറ്റിലുമുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്, മൂലധന നേട്ട നികുതി നിയമങ്ങൾ ലളിതമാക്കിയേക്കും. ഏകീകൃത നികുതി നിരക്കുകൾ വരുന്നത് ആശയക്കുഴപ്പം കുറയ്ക്കാനും കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും സാധ്യതയുണ്ട്.

ക്രിപ്‌റ്റോകറൻസി നികുതി

ക്രിപ്‌റ്റോകറൻസിയുടെ നികുതിയെ കുറിച്ചുള്ള വ്യക്തത ഈ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വ്യക്തമായ നിയമങ്ങൾക്കും നികുതികൾക്കും വേണ്ടി കാത്തിരിക്കുകയാണ് ക്രിപ്‌റ്റോ മേഖല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button