നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും വിരാമം; പേരാവൂർ താലൂക്കാശുപത്രിയുടെ ചുറ്റുമതിൽ നിർമാണം തുടങ്ങി
പേരാവൂർ: വർഷങ്ങളുടെ നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ശേഷം പേരാവൂർ താലൂക്കാശുപത്രിയുടെ ചുറ്റുമതിൽ നിർമാണം തുടങ്ങി. ഒന്നാം ഘട്ട നിർമാണത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുതൽ മൗണ്ട് കാർമൽ ആശ്രമം വരെ 110 മീറ്റർ നീളത്തിലാണ് ചുറ്റുമതിൽ നിർമിക്കുന്നത്. ബഹുനില കെട്ടിട നിർമാണം നടക്കുന്നതിനാൽ ബസ് സ്റ്റാൻഡിൽ നിന്നുള്ള താത്കാലിക വഴി ഒഴിവാക്കിയാണ് മതിൽ കെട്ടുക. ഒൻപത് അടി ഉയരത്തിൽ ചെങ്കല്ല് കൊണ്ട് നിർമിക്കുന്ന ഒന്നാംഘട്ട പ്രവൃത്തി 17, 92,000 രൂപക്കാണ് കരാർ നല്കിയത്. ആശുപത്രി വികസന സമിതിയാണ് ഫണ്ട് അനുവദിച്ചത്.
രണ്ടാം ഘട്ടത്തിൽ ആസ്പത്രിയുടെ മറ്റു ഭാഗങ്ങളിലും ഇതേ രീതിയിൽ ചുറ്റുമതിൽ കെട്ടും. പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായാൽ അകത്തേക്കും പുറത്തേക്കുമുള്ള രണ്ട് പ്രധാന ഗേറ്റുകൾ മാത്രം നിലനിർത്തി ആസ്പത്രി ഭൂമി പൂർണമായും ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കും.
ആശുപത്രി ഭൂമി സ്വകാര്യവ്യക്തികൾ കയ്യേറിയത് 2022-ൽ റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചിരുന്നു. കയ്യേറ്റം തിരിച്ചു പിടിച്ച ഭാഗത്ത്ചുറ്റുമതിൽ കെട്ടാൻ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയെങ്കിലും എച്ച്.എം.സിയിലെ ചിലർ എതിർപ്പുമായി എത്തിയതോടെയാണ് മതിൽ നിർമാണം പ്രതിസന്ധിയിലായത്. ആസ്പത്രിക്ക് സമീപത്തെ ചിലർ ആസ്പത്രി ഭൂമിയിലൂടെ പൊതുവഴിക്ക് വേണ്ടി ഹൈക്കോടതിയെ സമീപിച്ചതും ചുറ്റുമതിൽ നിർമാണത്തെ പ്രതികൂലമായി ബാധിച്ചു.
എന്നാൽ, അക്കാലത്തുണ്ടായിരുന്ന ആസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എന്നിട്ടും വിവിധ കാരണങ്ങളാൽ മതിൽ നിർമാണം അധികൃതർ വൈകിപ്പിക്കുകയായിരുന്നു. ചുറ്റുമതിൽ കെട്ടി ആസ്പത്രി ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ബേബി കുര്യനും ഹൈക്കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു.
ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് കഴിഞ്ഞ വർഷം അവസാനം ചുറ്റുമതിൽ നിർമാണം ടെണ്ടർ വിളിച്ച് കരാർ നല്കിയത്. കഴിഞ്ഞ ദിവസം ചുറ്റുമതിൽ കെട്ടാൻ തുടങ്ങിയപ്പോൾ ചിലർ വീണ്ടും എതിർപ്പുമായി വന്നെങ്കിലും നിയമനടപടികൾ ഭയന്ന് സ്വയം പിന്മാറുകയും ചെയ്തു.