നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണം ഇപ്പോൾ പറയാൻ കഴിയില്ല, സാമ്പിൾ പരിശോധനാ ഫലം വരട്ടേയെന്ന് ഫോറൻസിക് സംഘം
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് സംഘം. പോസ്റ്റ്മോർട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെ മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാൽ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാൻ കഴിയൂവെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചത്. മരണം അസ്വാഭാവികമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ശ്വാസ കോശത്തിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധന ഫലം വരണം. അതിന് ശേഷമേ മരണകാരണത്തിൽ നിഗമനത്തിലെത്താൻ കഴിയൂവെന്നും ഫോറൻസിക് സംഘം വ്യക്തമാക്കി.
ഗോപൻ സ്വാമിയുടെ മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. മതാചാര്യന്മാരെ പങ്കെടുപ്പിച്ചാകും ചടങ്ങ് നടക്കുക. മൃതദേഹം ഇന്ന് നിംസ് ആശുപത്രിയിൽ സൂക്ഷിക്കും. വൻ വിവാദങ്ങൾക്കൊടുവിലാണ് ഇന്ന് രാവിലെ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി സ്ഥലമായ കല്ലറ തുറന്നത്. കല്ലറയിൽ കണ്ടത് ഗോപൻസ്വമിയുടെ മൃതദേഹമാണെന്ന് സാക്ഷികളായ ജനപ്രതിനിധികൾ വ്യക്തമാക്കി. ഇരുത്തിയ നിലയിൽ ഭസ്മങ്ങളും പൂജാദ്രവ്യങ്ങളും കൊണ്ട് മൂടിയായിരുന്നു മൃതദേഹം. മക്കൾ മൊഴി നൽകിയത് പോലെ ചമ്രം പടിഞ്ഞിരിക്കുന്നത് പോലെയായിരുന്നു മൃതദേഹമുണ്ടായിരുന്നത്. തലയിൽ സ്ലാബ് മുട്ടാത്ത നിലയിലായിരുന്നുവെന്നും സാക്ഷികൾ പറയുന്നു.