Uncategorized

ആദ്യം ഛർദ്ദി, പിന്നാലെ ബോധം മറയും, ഒന്നര മാസത്തിനിടെ മരിച്ചത് 15 പേർ; ദുരൂഹ മരണങ്ങളിൽ പകച്ച് ജമ്മു കശ്മീർ

ശ്രീനഗർ: ദുരൂഹ മരണങ്ങളിൽ പകച്ച് ജമ്മു കശ്മീർ. കഴിഞ്ഞ ഒന്നര മാസത്തിനിടെ ദുരൂഹമായി മരിച്ചവരുടെ എണ്ണം 15 ആയി. ബുധനാഴ്ച ഒമ്പത് വയസ്സുകാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. അസ്വാഭാവിക മരണങ്ങൾക്ക് പിന്നിലെ കാരണം കണ്ടെത്താൻ കഴിയാതെ വന്നതോടെ പൊലീസ് എസ്ഐടി രൂപീകരിച്ചിരിക്കുകയാണ്. എന്നാൽ, മരണങ്ങൾക്ക് പിന്നിൽ ഏതെങ്കിലും രോഗമല്ലെന്ന് ജമ്മു കശ്മീർ ആരോഗ്യമന്ത്രി സക്കീന മസൂദ് അറിയിച്ചു. ജമ്മു കശ്മീരിനകത്തും പുറത്തും നടത്തിയ പരിശോധനകളുടെ ഫലം നെഗറ്റീവായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരത്തോടെ ജമ്മുവിലെ എസ്എംജിഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സബീന എന്ന പെൺകുട്ടി മരിച്ചതായി അധികൃതർ അറിയിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഈ പെൺകുട്ടിയുടെ നാല് സഹോദരങ്ങളും മുത്തച്ഛനും മരിച്ചിരുന്നു. മരിച്ചവരിലെല്ലാം ഛർദ്ദിയും, ബോധക്ഷയവും പോലെയുള്ള സമാനമായ ലക്ഷണങ്ങളാണ് കാണാനായത്. മുഹമ്മദ് അസ്ലം എന്നയാളുടെ ആറ് കുട്ടികളെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, അവരിൽ ഒരാൾ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മറ്റുള്ളവരെല്ലാം മരണത്തിന് കീഴടങ്ങിയെന്ന് അധികൃതർ അറിയിച്ചു.

ദുരൂഹ മരണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീർ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിഷ്ക്രിയമാണെന്ന് ആരോപിച്ച ബിജെപി മരണ കാരണം ശരിയായ രീതിയിൽ അന്വേഷിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. ജമ്മു കശ്മീരിലെ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്നതിൽ ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പരാജയപ്പെട്ടെന്നും ഇത്തരം അവഗണന അംഗീകരിക്കാനാവില്ലെന്നും ജമ്മു കശ്മീർ ബിജെപി വക്താവ് താഹിർ ചൗധരി പറഞ്ഞു.

അതേസമയം, ദുരൂഹ മരണങ്ങളിൽ ആശങ്ക ഉയരുന്നതിനിടെ മരണകാരണം തിരിച്ചറിയാനായി മെഡിക്കൽ റിപ്പോർട്ടുകൾ വിശകലനം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകി. പ്രാഥമിക റിപ്പോർട്ടുകൾ മരണപ്പെട്ടവരുടെ സാമ്പിളുകളിൽ ചില ന്യൂറോടോക്സിനുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നുണ്ട്. മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണ്. പൊലീസ് സൂപ്രണ്ട് (ഓപ്പറേഷൻസ്) ബുദാലിന്റെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചതായി രജൗരിയിലെ സീനിയർ പൊലീസ് സൂപ്രണ്ട് ഗൗരവ് സികർവാർ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി വിഭാഗം, മൈക്രോബയോളജി വിഭാഗം, ശിശുരോഗ വിഭാഗം, പാത്തോളജി വിഭാഗം എന്നിവയിലെ വിദഗ്ധരും സംഘത്തിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button