Uncategorized

ഇന്ത്യൻ വംശജനായ കൊലയാളി 10 വർഷത്തോളമായി ഒളിവിൽ, കണ്ടെത്താനാകാതെ എഫ്ബിഐ; ഭദ്രേഷ്‌ കുമാർ കാണാമറയത്ത് തുടരുന്നു

ന്യൂയോർക്ക്: ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽ പോയ ഇന്ത്യൻ വംശജനെ 10 വർഷത്തോളമായിട്ടും കണ്ടെത്താനാകാതെ അമേരിക്കയുടെ ദേശീയ അന്വേഷണ ഏജൻസിയായ എഫ്ബിഐ. 34കാരനായ ഗുജറാത്ത് സ്വദേശി ഭദ്രേഷ്‌ കുമാർ ചേതൻഭായ് പട്ടേൽ എന്നയാളാണ് കാണാമറയത്ത് തുടരുന്നത്. 2015 ഏപ്രിലിലാണ് ഭദ്രേഷ് കുമാർ തന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. എഫ്ബിഐയുടെ ടോപ് 10 പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുള്ള വ്യക്തിയാണ് ഭദ്രേഷ് കുമാർ. ഇപ്പോൾ ഇതാ ഭദ്രേഷ് കുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന ആവശ്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് എഫ്ബിഐ. ഭദ്രേഷ് കുമാർ വളരെയേറെ അപകടകാരിയാണെന്നാണ് എഫ്ബിഐ അറിയിച്ചിരിക്കുന്നത്. ഇയാളെ പിടികൂടാൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് 2,50,000 ഡോളർ (ഏകദേശം 2.16 കോടി രൂപ) പാരിതോഷികം നൽകുമെന്നും എഫ്ബിഐ അറിയിച്ചിട്ടുണ്ട്.

സ്വന്തം ഭാര്യയെ ഭദ്രേഷ് കുമാർ അതിക്രൂരമായ രീതിയിൽ കൊലപ്പെടുത്തുമ്പോൾ ഇരുവരും നന്നേ ചെറുപ്പമായിരുന്നു. ഭദ്രേഷിന് ഇരുപതിനാലും, ഭാര്യ പലക്കിന് ഇരുപത്തൊന്നും വയസ് മാത്രമായിരുന്നു പ്രായം. ഹാനോവറിലെ ഡങ്കിൻ ഡോണറ്റ്സിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. 2015 ഏപ്രിൽ 12ന് കടയിൽ വെച്ച് ഭദ്രേഷ് കുമാർ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. പലക്കിന്റെ മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. കൊലപാതകത്തിന് തൊട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഭാര്യയെ അടുക്കയുടെ ഭാഗത്തേയ്ക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അൽപ്പ സമയത്തിന് ശേഷം ഭദ്രേഷ് കുമാർ മാത്രം പുറത്തേയ്ക്ക് വരുന്നതും വീഡിയയിൽ കാണാം. ഇന്ത്യയിലേയ്ക്ക് മടങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേർന്നത്. ഒരു ടാക്സി ഡ്രൈവറാണ് ഭദ്രേഷിനെ അവസാനമായി കണ്ടതെന്നും പിന്നെ ആരും ഇയാളെ കണ്ടിട്ടില്ലെന്നുമാണ് പറയപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button