ആകാശത്ത് പുതിയ ആശങ്ക; റോക്കറ്റ് ഭാഗങ്ങള്‍ ഇടിക്കുമോയെന്ന പേടിയില്‍ വിമാനങ്ങള്‍ വൈകിപ്പിച്ചു
സിഡ്‌നി: അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്‍റെ റോക്കറ്റ് ഭാഗങ്ങള്‍ കൂട്ടിയിടിക്കുമോ എന്ന ആശങ്കയില്‍ നിരവധി വിമാന സര്‍വീസുകള്‍ വൈകിപ്പിച്ചു. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായ ക്വാണ്ടാസ് എയർവേസിന്‍റെ വിമാനങ്ങളാണ് വൈകിയതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാവിയില്‍ ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാനുള്ള പരിഹാരം തേടുകയാണ് കമ്പനി.
റോക്കറ്റ് ഭാഗങ്ങളും ഉപയോഗം കഴിഞ്ഞ സാറ്റ്‌ലൈറ്റുകളും അടക്കമുള്ള ബഹിരാകാശ അവശിഷ്ടങ്ങള്‍ വലിയ തലവേദനയാവും എന്ന നിഗമനങ്ങള്‍ക്കിടെയാണ് വിമാന സര്‍വീസുകള്‍ വൈകിയ വാര്‍ത്ത പുറത്തുവരുന്നത്. ഇന്ത്യന്‍ സമുദ്രത്തിന് മുകളില്‍ വച്ച് ഭൗമാന്തരീക്ഷത്തിലേക്ക് സ്പേസ് എക്സ് റോക്കറ്റ് ഭാഗങ്ങളുടെ റീ-എന്‍ട്രിക്കിടെ വിമാനങ്ങള്‍ക്ക് അപകട സാധ്യതയുള്ളതായി യുഎസ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും മധ്യേയുള്ള പല സര്‍വീസുകളും വൈകിപ്പിക്കാന്‍ ക്വാണ്ടാസ് എയര്‍വേസ് നിര്‍ബന്ധിതമാവുകയായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്‌ചകള്‍ക്കിടെ സിഡ്നിക്കും ജൊഹന്നസ്‌ബര്‍ഗിനും ഇടയിലുള്ള പല വിമാനങ്ങളുടെയും ടേക്ക്-ഓഫ് വൈകിപ്പിച്ചതായി ക്വാണ്ടാസ് അറിയിച്ചു. ഒരു മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ വിമാന സര്‍വീസുകള്‍ വൈകി.
അവസാന നിമിഷം മാത്രമാണ് ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്സ് റോക്കറ്റ് ഭാഗങ്ങളുടെ റീ-എന്‍ട്രിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ ചില വിമാനങ്ങള്‍ പറന്നുയരുന്നതിന് തൊട്ടുമുമ്പ് ക്വാണ്ടാസിന് വൈകിപ്പിക്കേണ്ടിവരികയായിരുന്നു. റോക്കറ്റ് റീ-എന്‍ട്രിയുടെ സ്ഥലങ്ങളും സമയവും മുന്‍കൂട്ടി അറിയിക്കാന്‍ കഴിയുമോ എന്നറിയാന്‍ സ്പേസ് എക്‌സ് കമ്പനിയുമായി ചര്‍ച്ചയിലാണ് എന്നും ക്വാണ്ടാസ് ഓപ്പറേഷന്‍ സെന്‍റര്‍ തലവന്‍ ബെന്‍ ഹോളണ്ട് വ്യക്തമാക്കി. ഏറെ വിമാന സര്‍വീസുകള്‍ വൈകുന്നത് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും എന്നാണ് ക്വാണ്ടാസ് എയവേസിന്‍റെ പ്രതീക്ഷ.