Uncategorized

ചരിത്രമെഴുതി സ്പേസ് എക്‌സ്; ചന്ദ്രനിലേക്ക് രണ്ട് ലാന്‍ഡറുകള്‍ ഒരുമിച്ച് വിക്ഷേപിച്ചു

ഫ്ലോറിഡ: 2025ന്‍റെ തുടക്കത്തില്‍ രണ്ട് പുതിയ ചാന്ദ്ര പര്യവേഷണങ്ങള്‍ക്ക് ശുഭാരംഭം. രണ്ട് സ്വകാര്യ കമ്പനികളുടെ ആളില്ലാ ലൂണാര്‍ ലാന്‍ഡറുകള്‍ നാസ സഹകരണത്തോടെ അമേരിക്കന്‍ കമ്പനിയായ സ്പേസ് എക്‌സ് ഇന്ന് വിജയകരമായി വിക്ഷേപിച്ചു. ബ്ലൂ ഗോസ്റ്റ്, റെസിലീയന്‍സ് എന്നിങ്ങനെയാണ് ഈ ചാന്ദ്ര പര്യവേഷണ പേടകങ്ങളുടെ പേര്.

നാസയുടെ കൊമേഴ്‌സ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസ് പദ്ധതിയുടെ ഭാഗമായുള്ള ബ്ലൂ ഗോസ്റ്റ്, റെസിലീയന്‍സ് എന്നീ ചാന്ദ്ര പര്യവേഷണ പേടകങ്ങളാണ് സ്പേസ് എക്സ് ഇന്ന് വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു ലാന്‍ഡറുകളുടെ വിക്ഷേപണം. ഇന്ത്യന്‍ സമയം രാവിലെ 11.41ന് ഫാല്‍ക്കണ്‍ 9 കുതിച്ചുയര്‍ന്നപ്പോള്‍ രണ്ട് ലാന്‍ഡറുകള്‍ ഒറ്റ വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന ആദ്യ സംഭവം എന്ന ചരിത്രവും പിറന്നു. വിക്ഷേപണത്തിന് എട്ട് മിനിറ്റുകള്‍ക്ക് ശേഷം ഫാല്‍ക്കണ്‍ 9ന്‍റെ ബൂസ്റ്റര്‍ ഭാഗം തിരികെ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

സ്പേസ് എക്സ് വിക്ഷേപിച്ച ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍ അമേരിക്കയിലെ ഫയര്‍ഫ്ലൈ എയ്റോസ്പേസ് എന്ന കമ്പനിയുടെയും, റെസിലീയന്‍സ് ജപ്പാനിലെ ഐസ്‌പേസ് എന്ന കമ്പനിയുടെയും ഉടമസ്ഥതയിലുള്ളതാണ്. ചന്ദ്രന്‍റെ വ്യത്യസ്ത ഇടങ്ങളിലായിരിക്കും ഇരു ലാന്‍ഡറുകളും ഇറങ്ങുക. ബ്ലൂ ഗോസ്റ്റ് Mare Tranquillitatisന് വടക്കുകിഴക്കുള്ള Mare Crisiumലും, റെസിലീയന്‍സ് വടക്കേ അർദ്ധഗോളത്തിലുള്ള Mare Frigorisലും ലാന്‍ഡ് ചെയ്യും. റെസിലീയന്‍സില്‍ ടെനാസിറ്റി എന്ന് പേരുള്ള ചെറിയ റോവറും അടങ്ങിയിരിക്കുന്നു. ചന്ദ്രനെ കുറിച്ച് പഠിക്കാന്‍ 10 ശാസ്ത്രീയ ഉപകരണങ്ങള്‍ ലാന്‍ഡറുകളിലുണ്ട്.

ബ്ലൂ ഗോസ്റ്റ് 45 ദിവസവും റെസിലീയന്‍സ് അഞ്ച് മാസവും എടുത്തായിരിക്കും ചന്ദ്രനില്‍ ഇറങ്ങുക. ബ്ലൂ ഗോസ്റ്റ് ചന്ദ്രനെ തുരന്ന് സാംപിള്‍ എടുക്കുകയും ഭൂമിയുടെ കാന്തികമണ്ഡലത്തിന്‍റെ എക്സ്‌റേ ചിത്രം പകര്‍ത്തുകയും ചെയ്യും. അതേസമയം റെസിലീയന്‍സിലുള്ള റോവര്‍ ചന്ദ്രനിലെ റെഗോലിത്ത് ശേഖരിക്കും. ബഹിരാകാശ ഏജന്‍സികളും സ്വകാര്യ കമ്പനികളും തമ്മിലുള്ള സഹകരണം വര്‍ധിക്കുന്നതിന് തെളിവാണ് ഇന്നത്തെ വിക്ഷേപണങ്ങള്‍. ബ്ലൂ ഗോസ്റ്റും റെസിലീയന്‍സും വിജയമായാല്‍ ഇതുവരെയുള്ള ഏറ്റവും വലിയ സ്വകാര്യ ചാന്ദ്ര പര്യവേഷണ ദൗത്യം എന്ന ചരിത്രമെഴുതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button