Uncategorized

ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; ആരോ​ഗ്യ നില അതീവ ഗുരുതരം, വെൻ്റിലേറ്ററിലേക്ക് മാറ്റി

ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിൻ്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുഞ്ഞിൻ്റെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. സ്കാനിം​ഗ് ഉൾപ്പെടെയുള്ള പരിശോധനയിൽ കുഞ്ഞിൻ്റെ വൈകല്യങ്ങൾ കണ്ടെത്താൻ കഴിയാതിരുന്നത് വലിയ രീതിയിൽ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

സംഭവത്തില്‍ നേരത്തെ 4 ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തിരുന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്ന് കുട്ടിയുടെ അമ്മയുടെ പരാതി നൽകിയിരുന്നു. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഡോ. പുഷ്പ പ്രതികരിച്ചിരുന്നു. ആദ്യ രണ്ട് മാസത്തിലാണ് കുട്ടിയുടെ അമ്മയെ ചികിത്സിച്ചത്. ഈ കാലയളവില്‍ ശിശുവന്‍റെ വൈകല്യം കണ്ടെത്താന്‍ കഴിയില്ല. അഞ്ചാം മാസത്തിലാണ് ഇതെല്ലാം തിരിച്ചറിയുന്നത്. ആ സമയത്ത് കുട്ടിയുടെ അമ്മ തന്‍റെ അടുത്ത് ചികിത്സയ്ക്ക് എത്തിയിട്ടില്ലെന്ന് ഡോ പുഷ്പ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button