Uncategorized

നയപ്രഖ്യാപനത്തിന്‍റെ കരട് അംഗീകരിച്ച് പുതിയ ഗവർണ്ണർ; നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും

തിരുവനന്തപുരം: ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. നയപ്രഖ്യാപനത്തിന്‍റെ കരട് അംഗീകരിച്ച പുതിയ ഗവർണ്ണർ നിലവിൽ സർക്കാരുമായി ഏറ്റുമുട്ടലിന്‍റെ സൂചന നൽകുന്നില്ല. വന നിയമ ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ വരുന്നില്ലെങ്കിലും ഇതടക്കമുള്ള വിവാദ വിഷയങ്ങൾ ചർച്ചയാകും. സഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമായിരുന്നു കഴിഞ്ഞ തവണ.

സർക്കാരുമായി പൊരിഞ്ഞ പോരിലായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഒരു മിനുട്ട് 17 സെക്കൻഡിൽ ചടങ്ങ് തീർത്തു. പുതിയ ഗവർണ്ണർ രാജേന്ദ്ര ആർലേക്ക‌ർ തുടക്കത്തിൽ അനുനയ ലൈനിലാണ്. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് രാജ്ഭവൻ അംഗീകരിച്ചു. പ്രസംഗിക്കുമെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ ഉടക്കിട്ട ഉന്നതവിദ്യാഭ്യാസ രംഗത്ത് ആർലേക്കറും വിട്ടുവീഴ്ചക്കില്ല. സെനറ്റ് യോഗങ്ങളിലടക്കം പങ്കെടുക്കാൻ ആലോചിക്കുന്നുണ്ട് ഗവർണ്ണർ.

വി സി നിയമനത്തിനുള്ള യുജിസിയുടെ പുതിയ കരടിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും കൈകോർത്ത് സഭ സമ്മേളനത്തിൽ പ്രമേയം പാസ്സാക്കാനിടയുണ്ട്. കേന്ദ്രത്തിനെതിരെ ഒരുമിക്കുമെങ്കിലും വിവാദ വിഷയങ്ങളിൽ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ ഉറപ്പ്. വനനിയമഭേദഗതി പ്രധാന വിഷയമാകും. ഭേദഗതി ബിൽ സഭാ സമ്മേളനത്തിലില്ലെങ്കിലും പ്രശ്നം സഭയിൽ കത്തിപ്പടരും. രാജിവെച്ചെങ്കിലും അൻവറിനെ ചൊല്ലിയും പോര് ഉറപ്പ്. പാലക്കാട് ജയത്തിന്‍റെ ആവേശത്തിലാണ് പ്രതിപക്ഷമെങ്കിൽ ചേലക്കര നിലനിർത്തിയതിൻറെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. പത്തനംതിട്ട പീഡനം, നവീൻ ബാബുവിന്‍റെ മരണം, പെരിയ ഇരട്ടക്കൊല, മാസപ്പടിയിലെ അടക്കം ചര്‍ച്ചയ്ക്ക് വിഷയങ്ങളേറെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button