Uncategorized

വേണ്ടിവന്നാൽ താൻ ജാമ്യം റദ്ദാക്കും, ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാൻ കഴിയും;വിമർശിച്ച് ഹൈക്കോടതി

കൊച്ചി: നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു. ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള റിലീസ് ഉത്തരവ് ഇന്നലെ തന്നെ ഇറങ്ങിയതാണെന്നും ബോബി ചെമ്മണ്ണൂർ നാടകം കളിക്കരുതെന്നും കോടതി പറഞ്ഞു.

വേണ്ടിവന്നാൽ താൻ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം ക്യാൻസൽ ചെയ്യും. കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്. കഥമെനയാൻ ശ്രമിക്കുകയാണോ. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമം. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയുമെന്നും കോടതി പറഞ്ഞു. ഹാജരായ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണ് ചെയ്തത്. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നറിയാം. ജാമ്യം എങ്ങനെ ക്യാൻസൽ ചെയ്യണമെന്ന് തനിക്കറിയാമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

ഇന്നലത്തെ സംഭവവികാസങ്ങൾ മുഴുവൻ ശ്രദ്ധിച്ചിട്ടുണ്ട്. കോടതിയെപ്പോലും അപമാനിക്കാൻ ആണോ ശ്രമം. ഇത്തരം നടപടികൾ അംഗീകരിക്കാൻ ആവില്ല. വേണമെങ്കിൽ ഒരു മാസത്തിനകം പോലും കുറ്റപത്രം സമർപ്പിക്കാൻ ആവശ്യപ്പെടാൻ തനിക്കറിയാം. ഇന്നലെ എന്തുകൊണ്ട് പുറത്തുവന്ന വന്നില്ല എന്ന് അറിയിക്കണമെന്നും കേസ് 12 മണിക്ക് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. റിമാൻഡ് തടവുകാരെ സംരക്ഷിക്കാൻ ബോബി ചെമ്മണ്ണൂർ ആരാണ്. നീതി ന്യായ വ്യവസ്ഥ ഇവിടെയുണ്ടെന്നും പറഞ്ഞ ഹൈക്കോടതി 12 മണിക്ക് കാരണം കാണിച്ച് വിശദീകരണം നൽകാൻ നിർദേശം നൽകി. അല്ലാത്ത പക്ഷം ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. നിയമത്തിനും മുകളിലാണെന്നു തോന്നുന്നുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു.

അതേസമയം, ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു. നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിൽ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളിൽ ബോബി പുറത്തിറങ്ങാൻ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ബോബിയുടെ അഭിഭാഷകർ ജയിലിലെത്തി രേഖകൾ ഹാജരാക്കി ബോബിയെ പുറത്തിറക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button