Uncategorized

ഇന്ന് കരസേനാ ദിനം, ആഘോഷം പുണെയിൽ; നേപ്പാൾ സൈന്യവും ഭാഗമാകും, കേന്ദ്ര പ്രതിരോധ മന്ത്രി മുഖ്യാതിഥി

ദില്ലി: രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കും. പുണെയിലാണ് ഇത്തവണ ആഘോഷം. 1949 മുതല്‍ കരസേനാ ദിനം ആഘോഷിക്കാന്‍ തുടങ്ങിയ ശേഷം ദില്ലിക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണ്. കരസേനയുടെ ആറു വിഭാഗങ്ങള്‍ ആഘോഷത്തിന്‍റെ ഭാഗമായ പരേഡില്‍ അണിനിരക്കും. കരസേനയുടെ ശക്തി വിളിച്ചോതുന്ന വിവിധ റെജിമെൻ്റുകളുടെ അഭ്യാസ പ്രകടനവും ആഘോഷത്തിന് മാറ്റ് കൂട്ടും. നേപ്പാൾ സൈന്യത്തിൻ്റെ ബാൻഡും ചടങ്ങില്‍ പങ്കെടുക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പരിപാടിയിലെ മുഖ്യാതിഥി.

കരസേന ദിനാചരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ആയുധ പ്രദർശനം സംഘടിപ്പിച്ചു. നിങ്ങളുടെ സൈന്യത്തെ അറിയുക പദ്ധതിയുടെ ഭാഗമായിട്ട് പാങ്ങോട് സൈനിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു പ്രദർശനം. യുദ്ധ സാമഗ്രികളുടെ പ്രദർശനത്തിന് പുറമേ ഇന്ത്യൻ ആർമിയുടെ പൈപ്പ് ബാൻഡിൻ്റെ പ്രകടനവും പ്ര‍ദർശനത്തിന്‍റെ ഭാഗമായിരുന്നു. ഇന്ത്യൻ സൈന്യത്തെ കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായയുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം. കുട്ടികളും മുതിർന്നവരും അടക്കം നിരവധി ആളുകളാണ് പ്രധർശനം കാണാൻ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button