Uncategorized

അകമലയില്‍ കാട്ടാനകളിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു, പ്രതിഷേധമറിയിച്ച് നാട്ടുകാർ

തൃശൂര്‍: വടക്കാഞ്ചേരി അകമലയില്‍ കാട്ടാനകൾ കൃഷി നശിപ്പിച്ചു. പാറയില്‍ വീട്ടില്‍ ഗോവിന്ദന്‍ കുട്ടിയുടെ തെങ്ങും കവുങ്ങും വാഴയുമാണ് കാട്ടാനകള്‍ നശിപ്പിച്ചത്. കൊയ്യാറായ നെല്ല് വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ആന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വാഴത്തോട്ടത്തില്‍ തീക്കൂന തീര്‍ത്ത് പാട്ടയുമായി കാവലിരിക്കേണ്ട സാഹചര്യമാണെന്നാണ് പാറയില്‍ വീട്ടില്‍ ശശി പറയുന്നത്.

ചെറിയ കുട്ടികളുമായി കഴിയുന്ന അടച്ചുറപ്പില്ലാത്ത വീടിന്റെ മുറ്റത്ത് പോലും രാത്രിയായാല്‍ കാട്ടനക്കൂട്ടങ്ങൾ എത്തുന്നതിനാല്‍ തന്നെ ഏറെ ഭീതിയിലാണ് കുഴിയോട് സ്വദേശി ഇന്ദിരയും കുടുംബവും ചക്യാര്‍ക്കുന്നത്തുള്ള ലോറന്‍സും കഴിയുന്നത്. മൂന്ന് വര്‍ഷമായി ഈ പ്രദേശത്ത് കാട്ടാന ശല്യം തുടരുകയാണ്. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വൈദ്യുത വേലികളോ, ആര്‍.ആര്‍.ടി. സംവിധാനമോ ഇല്ലാത്തതില്‍ ഏറെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

കാട്ടാനകള്‍ നിരന്തരമായെത്തി ആയിരത്തിലധികം വാഴകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് കരാറുകാരന്‍ വെള്ളാങ്കണ്ടത്ത് ഗോവിന്ദന്‍കുട്ടി വാഴ കൃഷി പൂര്‍ണമായും ഉപേക്ഷിച്ചു. കൃഷിക്ക് നേരെയുള്ള കാട്ടാനകളുടെ ആക്രമണം നിയന്ത്രണമില്ലാതെ തുടര്‍ന്നാല്‍ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മലയോര കര്‍ഷകരുടെ ഉപജീവനം പോലും അവതാളത്തിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വലിയൊരു കൊമ്പനും രണ്ട് കുട്ടിയാനകളും ഉള്‍പ്പെടെ ആറോളം ആനകളാണ് ഈ പ്രദേശത്ത് നിരന്തരമായി കൃഷി നാശം വരുത്തുന്നത് എന്ന് പ്രദേശവാസികൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button