അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു. മാവേലിൽ മധു വിന്റെ നായയെ ആണ് വന്യ ജീവി പിടിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നായ അതീവ ഗുരുതരാവസ്ഥയിലാണ്. രാത്രി ഒന്നരയോടെ ആണ് സംഭവം.
നായ കരയുന്നത് കേട്ട് മധു വെളിയിൽ വന്നപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ നായയെ കാണുന്നത്. ലൈറ്റിന്റെ വെളിച്ചത്തിൽ ഏതോ വന്യജീവി ഓടിമറയുന്നത് കണ്ടെന്നാണ് മധു പറയുന്നത്. കൂട്ടിൽ കയറിൽ കെട്ടിയിട്ടിരുന്നതുകൊണ്ടാണ് വന്യ ജീവിക്ക് നായയെ കൊണ്ടുപോകാൻ കഴിയാതെ വന്നത്.
എന്നും കൂട് പൂട്ടാറുള്ള മധു ഇന്നലെ കൂട് പൂട്ടിയിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് രാത്രിയിൽ നായ്ക്കൾ വല്ലാതെ കുരച്ച് ബഹളം വെച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഈന്തുംകരി ഉരുപ്പുംകുറ്റി റോഡിനോട് ചേർന്ന് ജനവാസ മേഖലയിലാണ് വന്യജീവിയുടെ ആക്രമണം.ആക്രമിച്ചത് പുലിതന്നെയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.