Uncategorized

പേര് മാറ്റി തമിഴ് നടന്‍ ജയം രവി; പ്രഖ്യാപനം പുതിയ ചിത്രത്തിന്‍റെ റിലീസ് തലേന്ന്

പ്രമുഖ തമിഴ് നടൻ ജയം രവി പേരുമാറ്റി. ഇനി മുതൽ രവി മോഹൻ എന്നായിരിക്കും തന്‍റെ പേരെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ
അറിയിച്ചു. ആരാധകർക്ക് രവി എന്നും തന്നെ വിളിക്കാം. തന്‍റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്ന പുതിയ അധ്യായത്തിന്‍റെ തുടക്കമാണിതെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പില്‍ താരം അറിയിച്ചു.

പ്രശസ്ത എഡിറ്റർ എ മോഹന്‍റെ മകനായ രവി നായകനായി അരങ്ങേറ്റം കുറിച്ച ജയം എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് ജയം രവി
എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ആരാധകര്‍ക്ക് പുതുവത്സര, പൊങ്കല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുമാണ് താരം പേരിലെ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. പൊങ്കല്‍ റിലീസ് ആയി എത്തുന്ന രവി മോഹന്‍ ചിത്രം കാതലിക്ക നൈരമില്ലൈയുടെ റിലീസ് നാളെയാണ്. ഇതിന് മുന്നോടിയായിക്കൂടിയാണ് പ്രഖ്യാപനം.

പേരിലെ മാറ്റത്തിനൊപ്പം രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ പുതിയ നിർമ്മാണ കമ്പനിയും താരം പ്രഖ്യാപിച്ചു. പ്രേക്ഷകരെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാവും ഈ ബാനറില്‍ എത്തുകയെന്നും താരം അറിയിച്ചു. പുതുമുഖങ്ങള്‍ക്കും അവസരങ്ങളൊരുക്കുന്ന അതേസമയം അര്‍ഥവത്തായ സിനിമകള്‍ ഇതിലൂടെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

പേരിലെ മാറ്റത്തിനൊപ്പം ഫാന്‍സ് അസോസിയേഷനുകളുടെ പേരും മാറ്റിയിട്ടുണ്ട്. രവി മോഹൻ ഫാൻസ്‌ ഫൗണ്ടേഷന്‍ എന്നാണ് ആരാധക കൂട്ടായ്മ ഇനി അറിയപ്പെടുക. അതേസമയം നാളെ തിയറ്ററുകളിലെത്തുന്ന കാതലിക്ക നേരമില്ലൈ റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണ്. കിരുത്തിഗ ഉദയനിധി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നിത്യ മേനന്‍ ആണ് നായിക. ഈ വര്‍ഷം തന്നെ രണ്ട് ചിത്രങ്ങള്‍ കൂടി അദ്ദേഹത്തിന്‍റേതായി വരാനുണ്ട്. 2026 ല്‍ തനി ഒരുവന്‍ രണ്ടാം ഭാഗവും പുറത്തെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button