Uncategorized

നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കൽ; സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ, ഇതുവരെ അനുവദിച്ചത് 55 ലക്ഷം രൂപ

തിരുവനന്തപുരം​: മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കാൻ സർക്കാർ ചെലവിട്ടത് 2.86 കോടി രൂപയാണെന്ന കണക്കുകള്‍ പുറത്ത്. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്ക് പുറത്ത് വന്നത്. ഇതുവരെ 55 ലക്ഷം രൂപയാണ് പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനായി അനുവദിച്ചത്. സ്വകാര്യ ഏജൻസികൾക്ക് 2.31 കോടി രൂപ കുടിശ്ശികയാണ്. നവകേരള കലാജാഥ നടത്താൻ 45 ലക്ഷം രൂപയാണ് ചെലവിട്ടത്.

നവകേരള സദസ്സിന്‍റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വെച്ച വകയിൽ 2 കോടി 46 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നേരത്തെ അനുവദിച്ചത്. കേരളത്തിൽ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആർടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവെ ജിംഗിൾസിന് 41.21 ലക്ഷം രൂപയുമാണ് ചെലവ് വന്നത്.

ക്ഷണക്കത്ത് പ്രിന്‍റ് ചെയ്തതിന് 7.47 കോടിയും അനുവദിച്ചിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് തുക അനുവദിച്ചത്. 9.16 കോടി രൂപയ്ക്കായിരുന്നു ക്ഷണക്കത്ത് അച്ചടി കരാര്‍. ബാക്കി തുക മെയ് നാലിന് അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബർ 18 ന് തുടങ്ങി ഒരുമാസമാണ് മന്ത്രിസഭ നവകേരള സദസ്സെന്ന പേരിൽ കേരള പര്യടനം നടത്തിയത്. സി ആപ്റ്റിനാണ് സര്‍ക്കാര് പണം നൽകി ഉത്തരവിറക്കിയത്.

നവകേരള സദസ്സിന് വേണ്ട പോസ്റ്ററും ബ്രോഷറും ക്ഷണക്കത്തും തയ്യാറാക്കിയതിന് 9.16 കോടി രൂപയായിരുന്നു ചെലവ്. ക്വട്ടേഷൻ പോലും വിളിക്കാതെയാണ് പിആർഡി സി ആപ്റ്റിന് സർക്കാർ കരാർ നൽകിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും പടം വച്ച് പരിപാടിക്ക് വേണ്ടി 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. പ്രതിസന്ധികാലത്ത് സർക്കാർ ധൂർത്തെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് ചെലവുകളുടെ കണക്ക് ഒരോന്നായി പുറത്ത് വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button