നെയ്യാറ്റിൻകര ‘ദുരൂഹ സമാധി’ തുറക്കുന്നതിൽ തീരുമാനം ഇന്ന്; 2 ദിവസത്തിനകം പൊളിക്കാന്‍ ഉറച്ച് പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ‘ദുരൂഹ സമാധി’ രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാൻ തീരുമാനം. ഇതിനുള്ളിൽ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കളക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്. ഇന്നലെയും ഗോപൻ സ്വാമിയുടെ മക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിലും വൈരുധ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. കല്ലറ പൊളിക്കാൻ കളക്ടർ ഇറക്കിയ ഉത്തരവിൻ്റെ പകർപ്പ് ബന്ധുകൾക്ക് നൽകിയിട്ടുണ്ട്. കൂടുതൽ പൊലീസ് സാന്നിധ്യത്തിൽ കല്ലറ പൊളിച്ച് പരിശോധിക്കാനാണ് തീരുമാനം.
ഗോപൻ സ്വാമി ഇക്കഴിഞ്ഞ വ്യഴാഴ്ച മരിച്ച ശേഷം ഒരു പ്രസിൽ നിന്നും സമാധിയായതായുള്ള പോസ്റ്റർ പ്രിൻ്റ് ചെയ്തുവെന്നാണ് മകൻ്റെ മൊഴി. ഈ പോസ്റ്റർ പതിച്ചപ്പോഴാണ് മരണ വിവരം പുറം ലോകം അറിഞ്ഞത്. നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേർന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്.