ആലപ്പുഴയിൽ മുസ്ലിം ലീഗ് സെമിനാർ: സിപിഎം പ്രതിനിധി ജി സുധാകരൻ അവസാന നിമിഷം തീരുമാനം മാറ്റി, പങ്കെടുത്തില്ല
ആലപ്പുഴ: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച സെമിനാറിൽ നിന്ന് അവസാന നിമിഷം ജി സുധാകരൻ പിന്മാറി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെമിനാറിൽ നിന്നുള്ള പിന്മാറ്റം. പരിപാടിയിൽ സിപിഎം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത് ജി സുധാകരനെയായിരുന്നു. ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. രമേശ് ചെന്നിത്തലയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്.
സിപിഎം ജില്ലാ സമ്മേളനത്തിൽ ജി സുധാകരനെ പൂർണമായും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിനിടെ മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപ്പത്രത്തിൻ്റെ പ്രചാരണ പരിപാടി ഉദ്ഘാടനവും വിവാദമായിരുന്നു. മുസ്ലിം ലീഗ് നേതാക്കളോട് സമ്മതം അറിയിച്ചിരുന്നെങ്കിലും പരിപാടിയിൽ നിന്ന് അവസാന നിമിഷം ജി സുധാകരൻ പിന്മാറുകയായിരുന്നു. പങ്കെടുക്കാമെന്ന് ജി സുധാകരൻ നേരത്തെ അറിയിച്ചിരുന്നുവെന്ന് ലീഗ് ജില്ലാ നേതൃത്വം പറയുന്നു. പങ്കെടുക്കരുതെന്ന് എന്തെങ്കിലും തിട്ടൂരം കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്ന് ലീഗ് ജില്ലാ പ്രസിഡൻ്റ് എ.എം നസീർ പറഞ്ഞു.