Uncategorized

ചൂണ്ടയിൽ കുരുങ്ങിയത് 400 കിലോയുള്ള അച്ചിനി സ്രാവ്, മണിക്കൂറുകൾ നീണ്ട പോരാട്ടം; 80,000ത്തോളം രൂപയ്ക്ക് വിൽപ്പന

തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്‍റെ ചൂണ്ടയിൽ കഴിഞ്ഞ ദിവസം കുരുങ്ങിയത് 400 കിലോയോളം തൂക്കം വരുന്ന “അച്ചിണി സ്രാവ്. അതിരാവിലെ കടലിൽ പോയ വള്ളക്കാർ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തിൽ ഉച്ചയോടെയാണ് സ്രാവ് കുരുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവിൽ തൊഴിലാളികൾ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.

വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേർ ചേർന്ന് ഇറക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേർന്നാണ് വള്ളത്തിൽ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്. കരയിലെത്തിച്ചിട്ടും ഉയർത്തിക്കൊണ്ടുപോകാനാകാതെ വന്നതോടെ കടൽ വെള്ളത്തിലേക്ക് മറിച്ചിട്ട് പ്ലാസ്റ്റിക് കയറുകൾ കെട്ടി വലിച്ചാണ് കരയിലേക്ക് മാറ്റിയത്. നാൽപ്പതിനായിരം രൂപയിൽ തുടങ്ങിയ ലേലം വിളി എൺപതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു.

അച്ചിനി സ്രാവിനെ മത്സ്യത്തൊഴിലാളികൾ കാണാറുണ്ടെങ്കിലും ചൂണ്ടയിൽ കുരുങ്ങുന്നത് അപൂർവമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്‍റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളഞ്ഞു. കഴിഞ്ഞ വർഷങ്ങളിലും അച്ചിനി സ്രാവുകളെ വിഴിഞ്ഞത്തെത്തിച്ച് ലേലം വിളിച്ച് കൊണ്ടുപോയിട്ടുണ്ട്. അവസാനം ലഭിച്ച സ്രാവിന് 320 കിലോ തൂക്കമുണ്ടായിരുന്നെന്നും ഇതിനെ 61000 രൂപയ്ക്കാണ് അന്ന് ലേലം ഉറപ്പിച്ചതെന്നും മത്സ്യത്തൊഴിലാളികൾ പറ‍യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button