Uncategorized

‘ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ അനന്തരാവകാശികൾക്കു വിട്ടു നൽകാനാവില്ല’; കർണാടക ഹൈക്കോടതി

ബെംഗളൂരു: ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ അനന്തരാവകാശികൾക്കു വിട്ടു നൽകാനാവില്ലെന്ന് കോടതി. കർണാടക ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നൽകിയ ഹർ‌ജി ക‍ർണാടക ഹൈക്കോടതി തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസിലെ തൊണ്ടിമുതലിൽ അവകാശവാദം ഉന്നയിച്ച്‌ നൽകിയ ഹർജിയാണ് തള്ളിയത്.

തൊണ്ടി മുതൽ തമിഴ്‌നാട് സർക്കാരിന് വിട്ടു നൽകാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ, പട്ടു സാരികൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എ സി , 91 വാച്ചുകൾ തുടങ്ങിയവയാണ് ജയലളിതയിൽ നിന്നും തൊണ്ടി മുതലായി പിടിച്ചെടുത്തത്. 2004ലാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്ത് കേസ് രജിസ്റ്റർ ചെയ്തത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ കർണാടക ഹൈക്കോടതി 2015ൽ കുറ്റവിമുക്തയാക്കിയിരുന്നു. 100 കോടി രൂപ പിഴയും നാല് വർഷം തടവും വിധിച്ച് ബാംഗ്ലൂർ പ്രത്യേക കോടതി 2014 സെപ്തംബർ 27ന് പുറപ്പെടുവിച്ച ഉത്തരവായിരുന്നു കർണാടക ഹൈക്കോടതി റദ്ദാക്കിയത്. 1996ലായിരുന്നു ജയലളിതയ്‌ക്കെതിരെ അഴിമതിയും ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനവും ആരോപിച്ച് സുബ്രഹ്മണ്യൻ സ്വാമി പരാതി നൽകുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിന് പിന്നാലെ അന്നത്തെ ഡിഎംകെ സർക്കാ‍ർ എഫ്ഐആ‍ർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ജയലളിതയ്‌ക്കെതിരെയുള്ള ആരോപണം. അതേ വർഷം തന്നെ ചെന്നൈ കോടതി ശശികല, വളർത്തുമകൻ സുധാകരൻ, മറ്റൊരു സഹായി ഇളവരശി എന്നിവരെയും കേസിൽ ഉൾപ്പെടുത്തി. 2002-ൽ ജയലളിത വീണ്ടും അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ ന്യായമായ വിചാരണ നടക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് ഡിഎംകെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന അഭ്യർത്ഥിച്ചു. ഈ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി വിചാരണ ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button