223 ദിവസം, 8000 കിലോമീറ്റർ കാൽനടയായി സന്നിധാനത്തെത്തി രണ്ട് കാസർകോട്ടുകാർ; ലക്ഷ്യം ലോകസമാധാനം
പത്തനംതിട്ട: 8,000 കിലോമീറ്റർ കാൽനട യാത്ര ചെയ്ത് ശബരിമലയിലെത്തി രണ്ട് ഭക്തർ. 223 ദിവസം നീണ്ട യാത്രക്കൊടുവിലാണ് ഇരുവരും ശബരിമലയിലെത്തിയത്. രണ്ട് കാസർകോട് സ്വദേശികൾ ഉത്തരേന്ത്യയിൽ നിന്നാണ് കാൽനടയായി ശബരിമലയിൽ എത്തിയത്. ലോകസമാധാനത്തിനായുള്ള പ്രാർത്ഥനയുമായാണ് ഇരുവരും ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിലേക്ക് എത്തിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
കാസർകോട് ജില്ലയിലെ രാംദാസ് നഗർ സ്വദേശികളായ സനത്കുമാർ നായക്കും സമ്പത്ത്കുമാർ ഷെട്ടിയും കഴിഞ്ഞ വർഷം മെയ് 26 ന് കേരളത്തിൽ നിന്ന് ട്രെയിനിൽ ബദരീനാഥിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് അവർ ഇരുമുടിക്കെട്ട് നിറച്ച് ജൂൺ 3 ന് ശബരിമലയിലേക്ക് കാൽനടയായി യാത്ര ചെയ്യുകയായിരുന്നു. ശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങൾ ഉൾപ്പെടെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളും ക്ഷേത്രങ്ങളും സന്ദർശിച്ചു. അയോധ്യ, ഉജ്ജയിൻ, ദ്വാരക, പുരി, ജഗന്നാഥ്, രാമേശ്വരം, അച്ചൻകോവിൽ, എരുമേലി വഴിയാണ് സന്നിധാനത്തെത്തിയത്.
വിവിധ ക്ഷേത്രങ്ങളിൽ താമസിച്ചും ഭക്ഷണം സ്വയം പാകം ചെയ്തുമൊക്കെയാണ് ഇരുവരും 8000 കിലോമീറ്റർ പിന്നിട്ടത്. ശനിയാഴ്ച ശബരിമലയിലെത്തിയ ഇരുവരെയും സ്‌പെഷ്യൽ ഓഫീസർ പ്രവീണും അസിസ്റ്റന്‍റ് സ്‌പെഷ്യൽ ഓഫീസർ ഗോപകുമാറും ചേർന്ന് ചുക്കുവെള്ളം നൽകി സ്വീകരിച്ചെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.