Uncategorized

ചെലവ് 2,700 കോടി, ഏത് കാലാവസ്ഥയ്ക്കും അനുയോജ്യം; നിർണായകമായ സോൻമാർ​ഗ് തുരങ്കം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ശ്രീന​ഗർ: ജമ്മു കശ്മീരിലെ സോൻമാർഗ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേളയിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രധാനമന്ത്രിയുടെ സമീപത്തുണ്ടായിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം സോൻമാർഗ് തുരങ്കത്തിലൂടെ പ്രധാനമന്ത്രി യാത്ര ചെയ്തു. തുരങ്കത്തിൻ്റെ നിർമ്മാണത്തിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരുമായും നിർമ്മാണ തൊഴിലാളികളുമായും പ്രധാനമന്ത്രി സംവദിച്ചു.

ഏകദേശം 12 കിലോമീറ്റർ ദൈർഘ്യമുള്ള സോൻമാർഗ് തുരങ്കപാത പദ്ധതി 2,700 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. സോൻമാർഗ് പ്രധാന തുരങ്കം, ബഹിർഗമനപാത, അപ്രോച്ച് റോഡുകൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോൻമാർ​ഗ് തുരങ്കപാത ശ്രീനഗറിനും സോൻമാർഗിനുമിടയിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിധത്തിൽ ലേയിലേക്കുള്ള ഗതാഗതം സു​ഗമമാക്കും. കനത്ത മഴയും ഹിമപാതവും കാരണം പലപ്പോഴും ഈ വഴിയുള്ള ​ഗതാ​ഗതം തടസപ്പെട്ടിരുന്നു. തുരങ്കപാത യാഥാർത്ഥ്യമായതോടെ മണ്ണിടിച്ചിൽ, ഹിമപാത സാധ്യതയുള്ള മേഖലകൾ എന്നിവ ഒഴിവാക്കിക്കൊണ്ട് ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പാക്കാൻ സാധിക്കും. സോൻമാർഗ് തുരങ്കപാതയുടെ വരവോടെ മേഖലയിലെ വിനോദസഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

2028 ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള സോജില തുരങ്ക പദ്ധതിയോടൊപ്പം ഇത് ദേശീയ പാത -1 ൽ ശ്രീനഗർ താഴ്വരയ്ക്കും ലഡാക്കിനും ഇടയിൽ തടസ്സമില്ലാത്ത ഗതാഗത ബന്ധം ഉറപ്പാക്കുകയും ദൈർഘ്യം 49 കിലോമീറ്ററിൽ നിന്ന് 43 കിലോമീറ്ററായി കുറയ്ക്കുകയും വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി വർധിപ്പിക്കുകയും ചെയ്യും. ജമ്മു-കശ്മീരിലും ലഡാക്കിലുമുള്ള പ്രതിരോധ നീക്കം വർദ്ധിപ്പിക്കുകയും സാമ്പത്തിക-സാമൂഹിക-സാംസ്കാരിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. മണിക്കൂറിൽ 1,000 വാഹനങ്ങൾക്ക് വരെ തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയും. തുരങ്കത്തിൽ വെൻ്റിലേഷൻ സംവിധാനമുണ്ട്.

സോൻമാർ​ഗ് തുരങ്കപാത അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചാണ് സജ്ജമാക്കിയിരിക്കുന്നത്. സുരക്ഷയും ട്രാഫിക് മാനേജ്മെൻ്റും ഉറപ്പാക്കുന്നതിനായി അറിയിപ്പുകളും അടിയന്തര നിർദ്ദേശങ്ങളും നൽകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തീപിടിത്തങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ഇലക്ട്രിക്കൽ ഫയർ സിഗ്നലിംഗ് സംവിധാനം, റേഡിയോ റീ-ബ്രോഡ്കാസ്റ്റ് സംവിധാനം, തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ പ്രദർശിപ്പിക്കുന്നതിന് ഡൈനാമിക് റോഡ് ഇൻഫർമേഷൻ പാനൽ, ട്രാഫിക് സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വേഗപരിധി ക്രമീകരിക്കാൻ യാത്രക്കാരെ അറിയിക്കുന്നതിന് സ്പീഡ് ലിമിറ്റ് വേരിയബിൾ മെസേജ് സൈനുകൾ എന്നിവയും സോൻമാർ​ഗ് തുരങ്കപാതയുടെ സവിശേഷതകളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button