റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി മരിച്ചു; ഇന്ത്യൻ എംബസിയുടെ അറിയിപ്പ് ലഭിച്ചെന്ന് കുടുംബം
തൃശ്ശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു മരിച്ചെന്ന് ഇന്ത്യൻ എംബസി. എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ബിനിലിന്റെ ബന്ധുക്കൾ അറിയിച്ചു. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരിക്കേറ്റതായി കൂടെയുണ്ടായിരുന്ന ജെയിൻ ബന്ധുക്കളെ അറിയിച്ചിരുന്നു. മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിൽ ബാബുവിന്‍റെ മരണം.
അതേസമയം, ബിനിൽ ബാബുവിന്‍റെ ഒപ്പമുണ്ടായിരുന്ന തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിന്‍ ആണ് റഷ്യൻ അധിനിവേശ യുക്രെയ്നിൽ നിന്നും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയത്. ജെയിൻ തന്നെയാണ് വാട്സ്ആപ്പ് കോളിലൂടെ മോസ്കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ജയിനും പരിക്കേറ്റിരുന്നു. ശേഷം കുറച്ച് നാൾ അവിടെയുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപാണ് മോസ്കോയിലുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലുള്ള ഫോട്ടോയും ജയിൻ ബന്ധുക്കൾക്ക് അയച്ച് കൊടുത്തിരുന്നു.
കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലിന്‍റെയും ജെയിന്‍റെയും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. പിന്നീടാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസ്സിലായത്. അവിടുത്തെ മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്.