വിഡി സതീശനും എംവി ഗോവിന്ദനും ഇന്ന് എൻ എം വിജയന്റെ വീട്ടിലെത്തും, പ്രതിഷേധം കടുപ്പിക്കാൻ സിപിഎം
കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ സിപിഎം. ഇന്ന് സുൽത്താൻ ബത്തേരിയിൽ സിപിഎം പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. രാവിലെ 10ന് തുടങ്ങുന്ന പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് ഉദ്ഘാടനം ചെയ്യുന്നത്. ആത്മഹത്യാ പ്രേരണാക്കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎ രാജിവയ്ക്കുക, പ്രതി ചേർക്കപ്പെട്ട മുഴുവൻ കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.16, 17 തീയതികളിൽ ഡിവൈഎഫ്ഐ രാപ്പകൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ആത്മഹത്യ കുറിപ്പും എൻ എം വിജയൻ കെപിസിസിക്ക് എഴുതിയ കത്തുകളും പുറത്തുവന്നതിന് പിന്നാലെ തുടർച്ചയായ സമരത്തിലാണ് സിപിഎം. ഇന്നത്തെ പ്രതിഷേധത്തിന് മുൻപ് എംവി ഗോവിന്ദൻ എൻ എം വിജയൻറെ കുടുംബത്തെ വീട്ടിലെത്തി കാണും.
കോൺഗ്രസിന്റേത് കൊലപാകത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന നിലപാട്
എം.എൻ വിജയന്റെ മരണത്തിൽ കോൺഗ്രസ് എടുക്കുന്നത് ശരിയായ നിലപാടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. ക്രിയാത്മകമായ നിലപാട് എടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ആവുന്നില്ല. കൊലപാകത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഐ സി ബാലകൃഷ്ണൻ ഇപ്പോഴും അണ്ടർ ഗ്രൌണ്ടിലാണ്. കോടതി അറസ്റ്റ് തടഞ്ഞപ്പോൾ കർണാടകയിൽ ഇരുന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയാണ് എംഎൽഎ ചെയ്തത്. കുടുംബത്തെ പുലഭ്യം പറഞ്ഞ ശേഷമാണ് കോൺഗ്രസ് നേതാക്കൾ എൻ എം വിജയന്റെ വീട്ടിൽ എത്തിയതെന്നും എംവി ഗോവിന്ദൻ പരിഹസിച്ചു.
വി ഡി സതീശൻ ഇന്ന് കുടുംബത്തെ കാണും
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷററുടെ കുടുംബത്തെ കാണും. ഇത് ആദ്യമായാണ് എൻ എം വിജയൻറെ കുടുംബത്തെ കാണാൻ വിഡി സതീശൻ വയനാട്ടിൽ എത്തുന്നത്. നേരത്തെ എൻ എം വിജയൻ എഴുതിയ കത്തിൽ വ്യക്തതയില്ലെന്ന് പ്രതിപക്ഷ നേതാവ് കുടുംബത്തോട് പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി സതീശൻ കുടുംബത്തെ കാണുന്നത്. സിപിഎം സമര ദിവസം തന്നെയാണ് സതീശന്റെ സന്ദർശനം. കെപിസിസി പ്രസിഡൻറ് കെ സുധാകരനും വൈകാതെ കുടുംബത്തെ കാണാൻ എത്തിയേക്കും.