മണലാറുകാവ് ക്ഷേത്രത്തിനടുത്ത ഡി കെ ജ്വല്ലറി, രാത്രി 12 വരെ പൊലീസ് പട്രോളിംഗ്, കൊള്ളയടിച്ചത് 8 കിലോ ആഭരണങ്ങൾ
വിയ്യൂർ: തൃശ്ശൂർ വിയ്യൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. വിയ്യൂർ ഡി.കെ ജ്വല്ലറിയിൽ നിന്നാണ് 8 കിലോയോളം വെള്ളി ആഭരണങ്ങൾ മോഷണം പോയത്. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ 2 മണിയോട് കൂടിയാണ് സംഭവം.
തൃശ്ശൂർ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിന് അടുത്തുള്ള ഡി.കെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഉടമ രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ജ്വല്ലറിയുടെ മുൻവശത്തെ ഷട്ടറിന്റെ രണ്ട് പൂട്ടും ആയുധം ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ജ്വല്ലറിക്ക് ഉള്ളിൽ പ്രദർശനത്തിനായി വച്ചിരുന്ന സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളാണ് കവർന്നത്. ഏകദേശം 8 കിലോയോളം വെള്ളി ആഭരണങ്ങൾ മോഷണം പോയി. ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം കവർന്നെടുക്കാനുള്ള ശ്രമവും നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ജ്യോതി പ്രേംകുമാർ, രാമചന്ദ്രൻ, സന്തോഷ്, വിനോദ് കുമാർ എന്നിവർ ചേർന്ന് ജ്വല്ലറി തുടങ്ങിയത്. സംഭവസ്ഥലം ദൃശ്യമാകുന്ന രീതിയിൽ സമീപത്ത് സിസിടിവി ഇല്ലാത്തതിനാൽ മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരൂർ പള്ളിയിൽ പെരുന്നാൾ ആയിരുന്നതിനാൽ രാത്രി 12 മണി വരെ സമീപത്ത് പൊലീസ് പട്രോളിംഗ് ഉണ്ടായിരുന്നു. അതിനാൽ 12 മണിക്ക് ശേഷമാണ് കൃത്യം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്.