Uncategorized

ഭാവ ഗായകൻ പി ജയചന്ദ്രന് യാത്രാമൊഴി നൽകി കേരളം; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

കൊച്ചി: മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രന് വിട നൽകി കേരളം. ചേന്ദമംഗലം പാലിയത്തെ വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കുട്ടിക്കാലത്തെ ഓർമ്മകൾ പേറുന്ന പാലിയം തറവാട് പി ജയചന്ദ്രന് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. ജയചന്ദ്രനിലെ പാട്ടുകാരനെ ഉണർത്തിയ പാലിയത്തെ മണ്ണിലാണ് ഇനി നിത്യ ഹരിത ഗായകന്റെ അന്ത്യ വിശ്രമം. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികളാണ് പി ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

ചരിത്രം ഉറങ്ങുന്ന പറവൂർ ചേന്ദമംഗലത്തെ പാലിയം തറവാട്… കോവിലകവും കുടുംബ വീടുകളും നാലുകെട്ടും കുളങ്ങളും ഊട്ടുപുരയും ക്ഷേത്രങ്ങളും ഉള്ള അവിടുത്കെ മണ്ണിൽ നിന്നാണ് ജയചന്ദ്രൻ ജീവിതത്തിലേക്കും സംഗീതത്തിലേക്കും പിച്ച വച്ച് തുടങ്ങിയത്. പാലിയം വക ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും ചെണ്ട വാദ്യത്തിലും തായമ്പകയിലും കമ്പം തോന്നിയ കുട്ടി ആഗ്രഹിച്ചത് വലിയ മേളക്കാരനാകാൻ ആയിരുന്നു. ജയചന്ദ്രൻ ഒരിക്കൽ പറഞ്ഞത് പോലെ ഉള്ളിൽ ഒരു റിതം രൂപപ്പെടുത്തിയത് ചേന്ദമംഗലം എന്ന നാടാണ്. ഗായകൻ ആയ ശേഷം വരവ് വിശേഷ അവസരങ്ങളിൽ മാത്രം ആയി ചുരുങ്ങിയെങ്കിലും വന്നാൽ പിന്നെ പാട്ടും വർത്തമാനങ്ങളുമായി തനി പാലിയംകാരനാകും ജയചന്ദ്രൻ.

പാലിയത്ത് അവസാനം എത്തിയപ്പോഴാണ് ആ മണ്ണിൽ തന്നെ ഉറങ്ങണമെന്ന ആഗ്രഹം ജയചന്ദ്രൻ ബന്ധുക്കളോട് രഹസ്യമായി പറഞ്ഞത്. യാത്ര പറയാൻ പാലിയത്തുകാരുടെ ജയൻ കുട്ടൻ ഇനി ഇല്ല. എണ്ണമറ്റ ഭാവ ഗാനങ്ങൾ ആസ്വാദകർക്ക് കൈ മാറി ഓർമകളുടെ ചിറകിലേറിയാണ് ജയചന്ദ്രന്റെ അന്ത്യ യാത്ര.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button