സിപിഐ ആസ്ഥാനത്തെ എം എൻ ഗോവിന്ദൻ നായരുടെ പുതിയ പ്രതിമ മാറ്റി, പഴയത് മതിയെന്ന് നേതൃത്വം; പരാതിയില്ലെന്ന് ശിൽപി
തിരുവനന്തപുരം: പുതുക്കിപ്പണിത സിപിഐ ആസ്ഥാനത്ത് പുതുതായി അനാച്ഛാദനം ചെയ്ത എംഎൻ ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി. പുതിയ പ്രതിമക്ക് പകരം പഴയ പ്രതിമ വീണ്ടും സ്ഥാപിച്ചു. പുതിയ പ്രതിമക്ക് എംഎനുമായി രൂപ സാദൃശ്യം ഇല്ലെന്ന വ്യാപകപരാതിയെ തുടർന്നാണിത്. അടുത്തിടെയാണ് സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകം പുതുക്കിപ്പണിതത്. നവീകരിച്ച ഓഫീസിന് മുന്നിൽ സ്ഥാപക നേതാവ് എംഎന്റെ പുതിയ പ്രതിമയും അനാച്ഛാദനം ചെയ്തിരുന്നു. എന്നാല്‍ ആകാംക്ഷയോടെ പുതിയ ഓഫീസില്‍ എത്തിച്ചേര്‍ന്ന നേതാക്കളും അണികളും പ്രതിമ കണ്ടതു മുതലേ സംശയങ്ങളുയർത്തിത്തുടങ്ങിയിരുന്നു. പുതിയ പ്രതിമക്ക് എംഎൻ ഗോവിന്ദൻനായരുമായി സാമ്യമില്ലെന്നായിരുന്നു പ്രധാന വിമർശനം. എംഎനുമായി കൃത്യമായ സാമ്യമുള്ള പഴയ പ്രതിമ മതിയായിരുന്നുവെന്നായി ഭൂരിപക്ഷവും അഭിപ്രായപ്പെട്ടതോടെ ഇന്നലെ രാത്രി പുതിയ പ്രതിമ മാറ്റി പഴയത് വീണ്ടും സ്ഥാപിച്ചു.
കോഴിക്കോടെ ശില്പി ഗുരുകുലം ബാബുവായിരുന്നു പ്രതിമ ഉണ്ടാക്കിയത്. നേതാക്കൾ നൽകിയ ഫോട്ടോ നോക്കിയാണ് നിർമ്മാണമെന്ന് ശില്പിയും പറഞ്ഞു. തന്ന ഫോട്ടോകളും പുതിയ പ്രതിമയും തമ്മിൽ ചേർച്ച ഉണ്ട്. 50 വർഷം മുൻപുള്ള ഫോട്ടോ ആണെന്നും എംഎന്നിനെ ശില്പപത്തിലൂടെ മാത്രം കണ്ട് പരിചയം ഉള്ളവർക്കാകും അഭിപ്രായ വ്യത്യാസമെന്നും ശില്പി പ്രതികരിച്ചു. നിലവിലുള്ള ശില്പം വീണ്ടും ഉണ്ടാക്കാൻ അല്ല ഉദ്ദേശിച്ചത്.നേരത്തെ നേതാക്കൾ നല്ല അഭിപ്രായം പറഞ്ഞിരുന്നു. ശില്പം മാറ്റുന്ന കാര്യവും നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു. കൈമാറിയ സമയത്തും നല്ല അഭിപ്രായം ആണ് പറഞ്ഞതെന്നും എന്നാല്‍ ശില്പം മാറ്റിയതിൽ പരാതിയില്ലെന്നും പാർട്ടിയുടെ മറ്റു കേന്ദ്രങ്ങളിൽ വെക്കുമായിരിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേ സമയം പുതിയ പ്രതിമ അനാച്ഛാദനത്തിന് മുമ്പ് നേതൃത്വം പരിശോധിച്ചില്ലേ എന്ന് ചോദ്യം പാർട്ടിയിൽ നിന്നുമുയരുന്നുണ്ട്. പാർട്ടിയിൽ കാര്യമായ ചർച്ചയില്ലാതെയാണ് പുതിയ പ്രതിമ സ്ഥാപിച്ചതെന്ന വിമർശനവും രൂക്ഷമാണ്. പ്രതിമ മാറ്റുമ്പോഴും പ്രശ്നം വരുന്ന പാർട്ടി യോഗങ്ങളിൽ ചർച്ചക്ക് വരാനും സാധ്യതയുണ്ട്.