വീണ്ടും പോയി, ഐആര്‍സിടിസി ആപ്പ് പ്രവര്‍ത്തനരഹിതമായതായി ഉപഭോക്താക്കള്‍; ഇന്ത്യന്‍ റെയില്‍വേയ്ക്ക് വിമര്‍ശനം
ദില്ലി: ജനുവരി മാസത്തില്‍ വീണ്ടും പ്രവര്‍ത്തനരഹിതമായി ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനമായ ഐആര്‍സിടിസി (ദി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്). ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് കാണിച്ച് സ്ക്രീന്‍ഷോട്ടുകള്‍ നിരവധി പേര് മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റായ എക്സില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റ് ചെയ്തു. തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്താണ് ഐആര്‍സിടിസി ആപ്പിന്റെയും വെബ്സൈറ്റിന്റെയും പ്രവര്‍ത്തനം നിലച്ചത് എന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. ഇതിനോട് ഇന്ത്യന്‍ റെയില്‍വേ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
2024 ഡിസംബര്‍ മാസം മുതല്‍ ഐആര്‍സിടിസി ആപ്പും വെബ്സൈറ്റും നിരവധി തവണയാണ് ഡൗണായത്. 2025 ജനുവരിയില്‍ മാത്രം മൂന്ന് തവണയെങ്കിലും വലിയ ഔട്ടേജുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഐആര്‍സിടിസി ആപ്പ് ലഭ്യമാവുന്നില്ല എന്നുകാണിച്ച് ഇന്ന് രാവിലെ 10 മണിക്ക് ശേഷം ആയിരത്തിലേറെ പരാതികള്‍ ഡൗണ്‍ ഡിറ്റക്റ്ററില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെ വരെ ആപ്പിനും വെബ്സൈറ്റിനും കാര്യമായ പ്രശ്നങ്ങളൊന്നും ഡൗണ്‍ ഡിറ്റക്റ്ററില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. തത്ക്കാല്‍ ടിക്കറ്റ് ബുക്കിംഗാണ് തടസപ്പെട്ടത് എന്നാണ് ഉപഭോക്താക്കള്‍ വ്യക്തമാക്കുന്നത്.