ലോറികളിൽ ഉണ്ടായിരുന്നത് തിരുവനന്തപുരത്തെ വൻകിട ഹോട്ടലുകളിലെ മാലിന്യങ്ങൾ; കൊണ്ടുപോയത് പന്നിഫാമുകളിലേക്ക്
തിരുവനന്തപുരം: കന്യാകുമാരിയിലെ പനച്ചിമൂടിൽ തമിഴ്നാട് പൊലീസ് പിടികൂടിയ ലോറികളിൽ ഉണ്ടായിരുന്നത് തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകളിലെ ഭക്ഷ്യമാലിന്യങ്ങള്‍. ലോറികളിൽ ഉണ്ടായിരുന്ന മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ഹോട്ടലുകളിലെ മാലിന്യം നീക്കാൻ കരാറെടുത്ത തിരുവനന്തപുരത്തെ ഏജന്‍റിനെ ഉടൻ പിടികൂടുമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. ഏജന്‍റിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
തിരുവന്തപുരത്തെ ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളിയത് വന് വിവാദമായതിനെ പിന്നാലെയാണ് ഹോട്ടൽ മാലിന്യങ്ങളും പിടികൂടിയിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് കന്യാകുമാരി എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡ് അഞ്ച് ലോറികളാണ് പിടിച്ചെടുത്തത്. തമിഴ്നാട് അതിര്‍ത്തിയോടെ ചേര്‍ന്ന പനച്ചിമൂട് മലയോര ഹൈവേയിൽ വെച്ച് ലോറികള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ലോറികളിൽ മൂന്നെണ്ണം തമിഴ്നാട് സ്വദേശികളുടേതാണ്.
ഡ്രൈവര്‍മാരും ഹെല്‍പ്പര്‍മാരും അടക്കം ഒമ്പത് തൊഴിലാളികളെ കസ്റ്റഡിയെടുത്തു. ഇതിൽ അഞ്ച് തൊഴിലാളികള്‍ മലയാളികളാണ്. തിരുവനന്തപുരത്തെ വന്‍ കിട ഹോട്ടലുകളിലെ മാലിന്യങ്ങളാണ് ലോറികളിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മാലിന്യം നീക്കാൻ കരാറെടുത്ത ഏജന്‍റ് ഇതുകൊണ്ട് പോകാൻ സബ് കരാര്‍ നല്‍കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കന്യാകുമാരിയിലെ പന്നിഫാമുകളിലേക്കാണ് മാലിന്യം കൊണ്ടു പോയിരുന്നത്. ഈ സംഘം പതിവായി മാലിന്യം കൊണ്ടുവരാറുള്ളതായും പൊലീസിന് വിവര ലഭിച്ചിട്ടുണ്ട്.