Uncategorized

ഛത്തിസ്ഗഢ് മാധ്യമപ്രവർത്തകനെ കൊന്നത് സ്വന്തം ബന്ധുക്കള്‍; കാരണം അഴിമതി പുറത്തുകൊണ്ടുവന്നതിലെ പക

റായ്പുർ: ഛത്തിസ്ഗഢിലെ ബസ്തറിൽ മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രകറിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുകേഷിനെ കൊന്നത് ബന്ധുക്കളായ യുവാക്കള്‍ തന്നെയെന്നും തങ്ങൾ കൂടി ഉൾപ്പെട്ട ഒരു അഴിമതി പുറത്തുകൊണ്ടുവന്നതിനാണ് അതിക്രൂരമായി കൊന്നതെന്നുമാണ് പൊലീസ് പറയുന്നത്.

ജനുവരി മൂന്നിനാണ് മുകേഷിന്റെ മൃതദേഹം കസിൻ ആയ സുരേഷിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ ഇട്ടുമൂടിയ നിലയിൽ കാണപ്പെട്ടത്. ദേശീയ മാധ്യമങ്ങൾക്ക് വേണ്ടി അടക്കം റിപ്പോർട്ട് ചെയ്ത മുകേഷിനെ ജനുവരി ഒന്ന് മുതൽ കാണാനില്ലെന്ന് സ്വന്തം സഹോദരനായ യുകേഷ് ആണ് പരാതി നൽകിയത്. തുടർന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് മുകേഷിന്റെ കസിന്‍സായ സുരേഷ് അടക്കമുള്ളവരിലേക്ക് എത്തുന്നതും മൃതദേഹം കണ്ടെടുക്കുന്നതും.

മുകേഷിന്റെ ഫോൺ കോളുകളും മറ്റും പരിശോധിച്ച ശേഷമാണ് പൊലീസ് ബന്ധുക്കളായ യുവാക്കളിലേക്കെത്തുന്നത്. ഫോൺ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ മുകേഷ് അവസാനമായി സംസാരിച്ചത് ജനുവരി ഒന്നാം തീയതി സഹോദരനായ റിതേഷിനോടാണെന്ന് വ്യക്തമായി. ഇതേ റിതേഷ് രണ്ടാം തീയതി ഡൽഹിയിലേക്ക് പോയതായും പൊലീസ് കണ്ടെത്തി. ഇതാണ് പൊലീസിനെ ഇവരിലേക്കെത്തിക്കുന്നത്.

ഉടൻ തന്നെ പൊലീസ് കേസിൽ ഉൾപ്പെട്ടിരുന്നുവെന്ന് സംശയിച്ചിരുന്ന സുരേഷ്, റിതേഷ് എന്നായിവരുടെ സഹോദരനായ ദിനേഷിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ പിന്നീട് നടത്തിയ കുറ്റസമ്മതത്തിലൂടെയാണ് തങ്ങൾ മൂവരും ചേർന്നാണ് മുകേഷിനെ കൊന്നതെന്നും, റോഡ് നിർമാണത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതാണ് മുകേഷിനെ കൊല്ലാൻ കാരണമെന്നും വ്യക്തമായത്.

അതേസമയം, കൊല്ലപ്പെട്ട മുകേഷിന്റെ ശരീരത്തിൽ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളിൽ വരെ മുറിവുകൾ ഉള്ളതായുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്.

മുകേഷ് ചന്ദ്രകറിന്റെ കഴുത്ത് ഒടിഞ്ഞതായും തലയോട്ടിയിൽ മാത്രം 15 ഫ്രാക്ച്ചറുകൾ ഉള്ളതായും കണ്ടെത്തി. മുകേഷിനെ കൊന്നത് എത്രത്തോളം ക്രൂരമായാണെന്ന് ആന്തരികാവയവങ്ങൾക്കുള്ള പരിക്കുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുകേഷിന്റെ ഹൃദയം കീറി മുറിക്കപ്പെട്ടതായും, കരൾ നാല് കഷ്ണം ആക്കിയതായും റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകളിൽ മാത്രം അഞ്ച് ഒടിവുകളാണുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button