പഞ്ചായത്ത് സെക്രട്ടറിയെ ജാതി പറഞ്ഞ് അധിക്ഷേപം; അറസ്റ്റിലായ വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന് ജ്യാമം
തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി എൽ.സിന്ധുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമുള്ള പരാതിയിൽ അറസ്റ്റിലായ വൈസ് പ്രസിഡന്‍റും കോൺഗ്രസ് പ്രാദേശിക നേതാവുമായ വെള്ളനാട് ശ്രീകണ്ഠന് ജാമ്യം. കഴിഞ്ഞ ദിവസം നടന്ന സംഭവം ചൂണ്ടിക്കാട്ടി വൈസ് പ്രസിഡന്‍റിനെതിരെ ആര്യനാട് പൊലീസ്, വനിതാ കമ്മീഷൻ, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തുടങ്ങിയവർക്ക് പഞ്ചായത്ത് സെക്രട്ടറി പരാതി നൽകിയിരുന്നു.
പഞ്ചായത്തിലെ ഫയലുകൾ തീർപ്പാക്കാനുള്ള കാര്യങ്ങളെ കുറിച്ച് ജീവനക്കാരുമായി സെക്രട്ടറി സംസാരിക്കുന്നതിനിടെ ക്യാബിനുളളിൽ കടന്നുവന്ന വൈസ് പ്രസിഡന്‍റ് മോശമായ പദപ്രയോഗം നടത്തുകയും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തശേഷം തന്നെ അടിയ്ക്കാൻ ശ്രമിച്ചെന്നാണ് സെക്രട്ടറിയുടെ പരാതി. വെള്ളനാട്ടിലെ പൊതു ശ്മശാനത്തിന്‍റെ തകരാർ പരിഹരിക്കുന്നതിന് ഭരണസമിതി തീരുമാനം എടുക്കുന്നതിന് മുൻപ് രണ്ട് ലക്ഷം രൂപയുടെ ചെക്കുകൾ ഒപ്പിട്ട് നൽകാത്തതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് സെക്രട്ടറി പറഞ്ഞു.
അതേസമയം, സെക്രട്ടറി സ്വയം ജാതി പറഞ്ഞ് തന്നെ അടിയ്ക്കാനാണ് ശ്രമിച്ചതെന്നും മറ്റ് ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നുമാണ് വെള്ളനാട് ശ്രീകണ്ഠൻ പറയുന്നത്. സെക്രട്ടറിയുടെ പരാതിയിൻമേൽ കേസെടുത്ത ആര്യനാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. ഇവിടെ നിന്നുമാണ് ജാമ്യം ലഭിച്ചതെന്ന് വെള്ളനാട് പൊലീസ് അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിയും വൈസ് പ്രസിഡന്‍റും അടുത്തയാഴ്ച ഹാജരാകണമെന്നും കോടതി പറഞ്ഞു.