ഇനി ഭാരത് സീരീസില്‍ (BH) കേരളത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം; രാജ്യത്ത് എവിടേയും ഉപയോഗിക്കാം
ഭാരത് സീരിസ് പ്രകാരം കേരളത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നല്‍കിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോള്‍ വീണ്ടും രജിസ്‌ട്രേഷന്‍ ആവശ്യമില്ല. സംസ്ഥാന രജിസ്‌ട്രേഷനുളള വാഹനങ്ങള്‍ ഒരു വര്‍ഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാന്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ടതുണ്ട്.
ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം കൊണ്ടുവരുന്നതിനും അവിടെ ആ വാഹനം ഉപയോഗിക്കുന്നതിനും കടമ്പകള്‍ ഏറെയാണ്. ആ കടമ്പകള്‍ ഇല്ലാതാക്കുകയാണു കേന്ദ്ര സര്‍ക്കാര്‍ ബിഎച്ച് (BH) വാഹന രജിസ്‌ട്രേഷനിലൂടെ. എന്താണ് ബിഎച്ച് രജിസ്‌ട്രേഷന്‍, പഴയ വാഹനങ്ങളും ബിഎച്ച് സീരിസിലേക്ക് മാറ്റാന്‍ കഴിയുമോ ഇതേക്കുറിച്ചൊക്കെയുള്ള കാര്യങ്ങള്‍ വായിക്കാം.
എന്താണ് ബിഎച്ച് അഥവാ ഭാരത് രജിസ്‌ട്രേഷന്‍?
വാഹനലോകത്തെ ചര്‍ച്ചാവിഷയമാണ് ഭാരത് സീരീസ്. രാജ്യത്ത് എവിടെയും ഉപയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനമാണ് ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്ട്രേഷന്‍. 2021ലാണ് ഭാരത് സീരീസ് എന്ന സംവിധാനത്തിനായി കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്.
എന്തിനാണ് വാഹന രജിസ്‌ട്രേഷനില്‍ ബിഎച്ച് സംവിധാനം?
വാഹന രജിസ്‌ട്രേഷനിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് സീരീസ് എന്ന ഏകീകൃത സംവിധാനം തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ വാഹന രജിസ്‌ട്രേഷന്‍ ഒഴിവാക്കാനാണ് പുതിയ സംവിധാനം.
ആദ്യം പുതിയവാഹനങ്ങള്‍ക്ക് മാത്രമാണ് ബിഎച്ച് രജിസ്‌ട്രേഷന്‍ അനുവദിച്ചിരുന്നത്. പുതിയ വിജ്ഞാപനം പ്രകാരം പഴയ വാഹനങ്ങള്‍ക്കും ബിഎച്ച് സീരീസില്‍ രജിസ്റ്റര്‍ ചെയ്യാം.