Uncategorized

26-ാം വിവാഹ വാര്‍ഷികം ആഘോഷമാക്കി; പിന്നാലെ വിവാഹ വേഷം ധരിച്ച് ദമ്പതികള്‍ ജീവനൊടുക്കി

നാഗ്പുര്‍: ഇരുപത്തിയാറാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ ദമ്പതികള്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ജെറില്‍ ഡാംസന്‍ ഓസ്‌കര്‍ കോണ്‍ക്രിഫ്(57), ആന്‍ (46) എന്നിവരാണ് ജീവനൊടുക്കിയത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വിവാഹ വാര്‍ഷികം ആഘോഷമാക്കിയതിന് പിന്നാലെ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹ ദിവസം ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്. ആന്‍ ആഭരണങ്ങളും പൂവും ചൂടിയിരുന്നു.

ജെറിന്റെ മൃതദേഹം അടുക്കളയിലെ ഫാനില്‍ തൂങ്ങിയ നിലയിലും ആനിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. ആന്‍ ആദ്യം തൂങ്ങി മരിക്കുകയും ഇതിന് ശേഷം മൃതദേഹം അഴിച്ച് കട്ടിലില്‍ കിടത്തി പൂക്കള്‍ കൊണ്ട് അലങ്കരിച്ച ശേഷം ജെറിന്‍ ജീവനൊടുക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മരിക്കുന്നതിന് തൊട്ടുമുന്‍പ് ദമ്പതികള്‍ വാട്‌സ്ആപ്പില്‍ ആത്മഹത്യാ കുറിപ്പ് സ്റ്റാറ്റസായി പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവരുടേയും ഫോണ്‍ പരിശോധിച്ചു. ഇതില്‍ മരണത്തിന് തൊട്ടുമുന്‍പ് ആന്‍ ചിത്രീകരിച്ച ഒരു വീഡിയോ ഫോണില്‍ കണ്ടെത്തി. തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സ്വത്തുവകകള്‍ എല്ലാവരും തുല്യമായി വീതിച്ചെടുക്കണമെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു. കൈകള്‍ കോര്‍ത്തുവെച്ച നിലയില്‍ മൃതദേഹം സംസ്‌കരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു,

മുംബൈയിലെ ഒരു പ്രമുഖ ഹോട്ടലില്‍ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു ജെറില്‍. കൊവിഡ് കാലത്ത് ഇദ്ദേഹം ജോലി അവസാനിപ്പിച്ചിരുന്നു. പണം പലിശയ്ക്ക് നല്‍കിയായിരുന്നു ഇവര്‍ പിന്നീട് ജീവിച്ചിരുന്നത്. ദമ്പതികള്‍ക്ക് കുട്ടികളില്ല. ഇത് ഇരുവരേയും മാനസികമായി വിഷമിപ്പിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ പൊലീസ് വിശദമായ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിന് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button