Uncategorized

ഖോ ഖോ ലോകകപ്പ്: ഇന്ത്യൻ പുരുഷ-വനിതാ ടീമുകളെ പ്രഖ്യാപിച്ചു, പ്രതീക് വൈകാറും പ്രിയങ്ക ഇംഗിളും നയിക്കും

ദില്ലി: ഈ മാസം 13 ന് ആരംഭിക്കുന്ന ഖോ ഖോ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പുരുഷ ടീമിനെ പ്രതീക് വൈകാറും വനിതാ ടീമിനെ പ്രിയങ്ക ഇംഗിളും നയിക്കും. 13 മുതൽ 19 വരെ ദില്ലി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ടൂർണമെന്‍റ് നടക്കുന്നത്. ഉദ്ഘാടന ദിവസം ഇന്ത്യൻ പുരുഷ ടീം നേപ്പാളിനെതിരെയും വനിതാ ടീം 14 ന് ദക്ഷിണ കൊറിയയെയും നേരിടും.

സുമിത് ഭാട്ടിയയെ വനിതാ ടീമിന്‍റെ മുഖ്യ പരിശീലകനായും അശ്വനി കുമാറിനെ പുരുഷ ടീമിന്‍റെ മുഖ്യ പരിശീലകനായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇത് ആദ്യ ലോകകപ്പാണ്, വനിതാ ടീമിന്‍റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്നും പ്രിയങ്ക ഇംഗിൾ പിടിഐയോട് പറഞ്ഞു. വരും വർഷങ്ങളിൽ ഖോ ഖോ ഈ രാജ്യത്ത് വളരും, ജൂനിയർ താരങ്ങള്‍ കഠിന പരിശീനം തുടരണമെന്നും ഏഷ്യൻ ഗെയിംസിലോ കോമൺവെൽത്ത് ഗെയിംസിലോ ഒരുപക്ഷെ ഒളിംപിക്സിൽ പോലും മത്സരിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചേക്കാമെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ 24 വർഷമായി ഖോ ഖോ കളിക്കുന്നുവെങ്കിലും ദേശീയ ടീമിന്‍റെ നായകനായി തെരഞ്ഞെടുത്ത പ്രഖ്യാപനം വന്നപ്പോള്‍ ഞെട്ടിപ്പോയെന്ന് പുരുഷ ടീം നായകന്‍ പ്രതീക് വൈകാർ പ്രതികരിച്ചു. ഒടുവിൽ കഠിനാധ്വാനത്തിന് ഫലമുണ്ടായതിൽ കുടുംബത്തിലും സന്തോഷമുണ്ടെന്നും പ്രതീക് പറഞ്ഞു.

ഖോ ഖോ ലോകകപ്പ് സിഇഒ മേജർ ജനറൽ വിക്രം ദേവ് ഡോഗ്രഡും ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റ് സുധാൻഷു മിത്തലുമാണ് ടീം പ്രഖ്യാപനം നടത്തിയത്. ടീമുകളുടെ ജേഴ്‌സിയും മിത്തൽ അനാച്ഛാദനം ചെയ്തു – പുരുഷ-വനിതാ ടീമുകള്‍ക്കായി “ഭാരത്” ലോഗോ യുള്ള ജേഴ്സികളാണ് പുറത്തിറക്കിയത്. ‘ഭാരത് കി ടീം’ എന്നായിരിക്കും ഇന്ത്യൻ ടീം അറിയപ്പെടുകയെന്നും മിത്തൽ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. വനിതാ ലോകകപ്പ് വിജയികള്‍ക്കുള്ള ട്രോഫിയും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്തുന്ന വനിതാ താരങ്ങളെ ഗ്രീൻ ട്രോഫി നല്‍കി ആദരിക്കുമെന്ന് ഖോ ഖോ ലോകകപ്പ് സിഒഒ ഗീത സുധൻ പറഞ്ഞു. ടൂർണമെന്‍റിന് മുന്നോടിയായിഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുത്ത രാജ്യത്തെമ്പാടുമുള്ള 60 വീതം ആൺകുട്ടികളില്‍ നിന്നും പെണ്‍കുട്ടികളില്‍ നിന്നുമാണ് ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button