Uncategorized

‘അര കിലോയുടെ സ്വർണ കട്ടി, ബസ്റ്റാന്‍റിൽ വെച്ച് കൈമാറ്റം’, മലപ്പുറത്തെ ജ്വല്ലറി ഉടമയെ പറ്റിച്ച് 6 ലക്ഷം തട്ടി!

കോഴിക്കോട്:സ്വർണക്കട്ടി എന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാരയില്‍ നിന്ന് പണം തട്ടിയ കേസിൽ രണ്ട് അസം സ്വദേശികള്‍ കോഴിക്കോട് പിടിയിൽ. മലപ്പുറം സ്വദേശിയായ വ്യാപാരിയാണ് കബളിപ്പിക്കപ്പെട്ടത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ വ്യാപാരിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അസം സ്വദേശികളായ ഇജാജുൽ ഇസ്ലാം, റഈസുദ്ദീൻ എന്നിവരെ നടക്കാവ് പൊലീസ് പിടികൂടിയത്. സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുളളതായി നടക്കാവ് പൊലീസ് പറഞ്ഞു.

2024 ജനുവരി 18നായിരുന്നു സംഭവം. സ്വർണ്ണക്കട്ടി എന്ന പേരില്‍ അര കിലോഗ്രാമോളം വരുന്ന ലോഹം കാണിച്ച് 12 ലക്ഷം രൂപയ്ക്ക് അസം സ്വദേശികൾ സ്വർണ വ്യാപാരിയുമായി വില ഉറപ്പിച്ചു. വ്യാപാരി ആദ്യഗഡുവായി 6 ലക്ഷം രൂപ കോഴിക്കോട് ബസ്റ്റാൻഡിൽ വച്ച് ഇരുവര്‍ക്കും കൈമാറുകയും ചെയ്തു. വ്യാജ സ്വർണ്ണം നൽകി പ്രതികൾ സ്ഥലംവിട്ടു. പിന്നീടാണ് മലപ്പുറം സ്വദേശി താൻ കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തട്ടിയെടുത്ത പണവുമായി നാടുവിട്ട പ്രതികൾക്കായി അന്വേഷണത്തിലായിരുന്നു നടക്കാവ് പോലീസ്. മൊബൈൽ ഫോണുകളും സിം കാർഡുകളും മാറ്റി മുങ്ങി നടക്കുകയായിരുന്ന പ്രതികള്‍ മറ്റൊരു തട്ടിപ്പിനായി തൃശ്ശൂരിൽ എലെത്തിയപ്പോഴാണ് നടക്കാവ് പൊലീസ് ഇരുവരെയും പിടികൂടിയത്. തട്ടിപ്പ് സംഘത്തില്‍ മറ്റൊരാള്‍ക്കൂടി ഉണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. സമാനരീതിയിൽ സംഘം വെറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button