Uncategorized

തൃശൂര്‍ ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ഇന്ന് അവധി; 26 വർഷത്തിനുശേഷം കലാ കിരീടം നേടിയതിൽ ആഘോഷം

തൃശൂര്‍: സ്കൂള്‍ കലോത്സവത്തിലെ കിരീട നേട്ടത്തിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി. ജില്ലാ കളക്ടർ അര്‍ജുന്‍ പാണ്ഡ്യനാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായാണ് തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയാരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

കാൽനൂറ്റാണ്ടിന് ശേഷം കലാകിരീടം പൂരങ്ങളുടെ നാട്ടിലേക്ക് എത്തിയതിന്‍റെ ആവേശത്തിലാണ് തൃശ്ശൂർ. തലസ്ഥാനത്ത് നിന്നും സ്‌കൂള്‍ കാലോത്സവത്തിൽ വിജയിച്ച് സ്വർണക്കപ്പുമായി എത്തിയ തൃശൂർ ടീമിന് ജില്ലയിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ജില്ലാ അതിർത്തിയായ കൊരട്ടിയിൽ റവന്യു മന്ത്രി കെ.രാജൻ സ്വർണക്കപ്പ് കയ്യിലേന്തി തൃശ്ശൂരിന് സമർപ്പിച്ചു. ചാലക്കുടി, പുതുക്കാട്, ഒല്ലൂർ എന്നിവിടങ്ങളിലും സ്വർണ്ണക്കപ്പിനെ വരവേറ്റു. ആർപ്പു വിളിച്ച് ചുവടുവെച്ച് കുട്ടികളും അധ്യാപകരും ഒപ്പംകൂടി. 26 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കിട്ടിയ നേട്ടം ജില്ലയിലെ കുട്ടി കലാകാരന്മാർക്ക് അവകാശപ്പെട്ടതാണെന്നും കൊതിയോടെ നോക്കിയിരുന്ന സ്വർണ്ണക്കപ്പിൽ രണ്ടര പതിറ്റാണ്ടുകാലത്തിന് ശേഷം മുത്തമിടാൻ സാധിച്ചതിൽ അതിയായ സന്തോഷമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.

തൃശൂർ മോഡൽ ഗേൾസ് സ്‌കൂൾ അങ്കണത്തിൽ എത്തിയ ടീമിനെ സ്വീകരണ സമ്മേളനത്തിനായി ഘോഷയാത്രയായിട്ടാണ് ടൗൺഹാളിൽ എത്തിച്ചത്. മന്ത്രി കെ രാജൻ, ചേലക്കര എംഎൽഎ യു ആർ പ്രദീപ്, വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പള്ളി, തൃശ്ശൂർ ഡിഡിഇ അജിതകുമാരി എന്നിവർക്കൊപ്പം സമ്മേളനത്തിൽ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും, വിദ്യാർഥികളും, രക്ഷകർത്താക്കളും, അധ്യാപകരും പങ്കെടുത്തു. അവസാന ഇനംവരെ സസ്പെന്‍സ് നിലനിര്‍ത്തി ഫോട്ടോഫിനിഷിലൂടെ, ഒരു പോയിന്‍റ് വ്യത്യാസത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂരിന്‍റെ കിരീടനേട്ടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button