സൗദിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; കാർ ഒഴുക്കിൽപ്പെട്ട് നാല് സുഹൃത്തുക്കൾ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നാലുപേര്‍ മരിച്ചു. കനത്ത മഴയ്ക്കിടെ മക്ക മേഖലയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടാണ് നാല് സുഹൃത്തുക്കള്‍ മരിച്ചത്.
മഗ്രിബ് നമസ്കാരത്തിന് ശേഷം റെസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു ഇവര്‍. പോകുന്ന വഴിയില്‍, തെക്കന്‍ മക്കയില്‍ വാദി അര്‍ന നിറഞ്ഞൊഴുകുന്നത് കണ്ട യുവാക്കള്‍ ഇതുവഴി വാഹനമോടിക്കുന്നതില്‍ പ്രശ്നമില്ലെന്നും അപകടസാധ്യതയില്ലെന്നും തോന്നിയതിനാല്‍ ഇവര്‍ വാഹനം മുമ്പോട്ട് എടുക്കുകയായിരുന്നു. എന്നാല്‍ ശക്തമായ കുത്തൊഴുക്കില്‍ കാര്‍ മുങ്ങുകയായിരുന്നെന്ന് ഇവരുടെ ബന്ധുവായ അബ്ദുള്ള അല്‍ സഹ്റാനി പറഞ്ഞു.
മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച വരെ രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കണമെന്നും വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള താഴ്‍വരകളിലും വാദികളിലും പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.