‘കോഗ്‌നോടോപ്പിയ’: കേരളത്തിലെ ആദ്യത്തെ മള്‍ട്ടി ഡിസിപ്ലിനറി അക്കാദമിക് ഫെസ്റ്റ് 16 മുതല്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ മള്‍ട്ടി ഡിസിപ്ലിനറി അക്കാദമിക് ഫെസ്റ്റ്‌ന് വേദിയാകാന്‍ ഒരുങ്ങി തിരുവനന്തപുരം വിമന്‍സ് കോളേജ്. 2025 ജനുവരി 16 മുതല്‍ 18 വരെ നടക്കുന്ന പരിപാടിക്ക് കോഗ്‌നോടോപ്പിയ (Cognotopia) എന്നാണ് പേര് ഇട്ടിരിക്കുന്നത്. വിദ്യാഭ്യാസം, സംസ്‌കാരം, നവീന ആശയങ്ങള്‍ എന്നിവയുടെ ഒരു പുതിയ അന്തരീക്ഷം വളര്‍ത്തുക എന്നതാണ് മേളയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഗവണ്‍മെന്റ് വിമന്‍സ് കോളേജിന്റെ 125-ാം വാര്‍ഷികത്തിന്റെ ഭാഗമാണ് നൂതന മേള സംഘടിപ്പിക്കുന്നത്.
1897-ല്‍ സ്ഥാപിതമായ ഗവണ്‍മെന്റ് വിമന്‍സ് കോളേജ് കേരളത്തിലെ സ്ത്രീ വിദ്യാഭ്യാസ ചരിത്രത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചു വരുന്നത്. കോളേജിന്റെ അക്കാദമിക് മികവിനും സാംസ്‌കാരിക സംഭാവനകള്‍ക്കും പുതിയ മുഖം നല്‍കുന്നതായിരിക്കും കോഗ്‌നോടോപ്പിയ. ‘സമഗ്ര വിദ്യാഭ്യാസം’ എന്ന ആശയത്തില്‍ ഒരു സംവാദമായാണ് മേളയെ മാറ്റാന്‍ ഉദ്ദേശിക്കുന്നതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അനില ജെ എസ് പറഞ്ഞു. അക്കാദമിക് രംഗത്തെ വളര്‍ച്ചയ്‌ക്കൊപ്പം പുതിയ കാഴ്ചപ്പാടുകളും വളര്‍ത്താന്‍ മേള സഹായകരമാകുമെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
ഫിസിക്കല്‍ ആന്‍ഡ് നാച്ചുറല്‍ സയന്‍സസ്, സോഷ്യല്‍ സയന്‍സസ്, ആര്‍ട്‌സ്, ഫിലോസഫി, ലിറ്ററേച്ചര്‍, കള്‍ച്ചര്‍ എന്നീ മൂന്ന് പ്രധാന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് മേളയുടെ മുഖ്യ ആകര്‍ഷണമാകും. ജനുവരി 16് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു മേള ഉദ്ഘാടനം ചെയ്യും. ജനുവരി 18ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സമാപന പ്രഭാഷണം നടത്തും. വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍, ഡോ. സുനില്‍ പി. ഇളയിടം, ഡോ. കെ.പി. രാമനുണ്ണി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ അക്കാദമികവും സാംസ്‌കാരികവുമായ സംവാദത്തില്‍ പങ്കുചേരും.