Uncategorized

150 അല്ല, ഇനി ചായയ്ക്ക് 10 രൂപ, 250 അല്ല 20 രൂപയ്ക്ക് സമൂസ; ‘കൂടുതൽ എയര്‍പോര്‍ട്ടുകളിൽ ഭക്ഷണ വില കുറയും’

ദില്ലി: ചായക്ക് 150-രൂപ മുതൽ 250 രൂപ വരെ, സമൂസയ്ക്കും വടയ്ക്കും 350 വരെ, എയര്‍പോര്‍ട്ടുകളിലെ ഭക്ഷണ വില ഇങ്ങനെ ആണെന്നാണ് പൊതുവേയുള്ള വലിയ പരാതി. ഈ കൊള്ളവിലയിൽ വലിയ മാറ്റം ഉണ്ടാകുമെന്ന വിവരമാണ് പാര്‍ലമെന്റിൽ ലഭിച്ച മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്. ഇപ്പോഴിതാ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഭക്ഷണ വില കുറയ്ക്കാനുള്ള നടപടികൾ പ്രധാനമന്ത്രി ഇടപെട്ട് നടപ്പിലാക്കാൻ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ.

ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ അടുത്തിടെ പാർലമെന്റിൽ ജനങ്ങളുടെ ആശങ്കയെ കുറിച്ച് ഒരു ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് ലഭിച്ച മറുപടിയുമായി അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചു. തന്റെ പാര്‍ലമെന്റിലെ ശ്രമങ്ങൾ ഫലം കണ്ടുവെന്ന് അദ്ദേഹം വീഡിയോയിൽ അവകാശപ്പെടുന്നു. ‘ഒരു നല്ല വാർത്ത’ ഞങ്ങളുടെ ശബ്ദം അവിടെ കേട്ടു. വിമാനത്താവളങ്ങളിൽ താങ്ങാനാവുന്ന വിലയിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കഫേകൾ ഉടൻ ആരംഭിക്കും. പത്ത് രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സമൂസയും കിട്ടുന്നതായിരിക്കും പുതിയ കഫേയെന്നും ഛദ്ദ വീഡിയോയിൽ പറയുന്നു.

രാജ്യസഭയിൽ ‘ഭാരതീയ വായുയാൻ വിധേയകി’നെക്കുറിച്ചുള്ള ചർച്ചയിൽ, യാത്രക്കാർ നേരിടുന്ന നിരവധി വെല്ലുവിളികൾ, ടിക്കറ്റ് നിരക്ക് മുതൽ തിരക്കേറിയ വിമാനത്താവളങ്ങൾ, ഉയർന്ന ലഗേജ് ചാർജുകൾ എന്നിവ വരെ ഛദ്ദ അവതരിപ്പിച്ചിരുന്നു. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ വിമാനയാത്ര സാധ്യമാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമർശിച്ചിരുന്നു.കൊൽക്കത്തയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ‘ഉഡാന്‍ യാത്രി കഫെ’. യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതാണ് പദ്ധതി. കൊൽക്കത്തയ്ക്ക് പുറമെ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും എയര്‍പോര്‍ട്ടുകളിൽ ഭക്ഷണ വില കുറയുന്നത് വലിയ ആശ്വാസമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button