മരുമകളേയും മകനേയും പിടിച്ച് കയറ്റണ്ട മുറ്റത്തേക്ക് അന്ത്യയാത്രയ്ക്കായി ബീന, ഞെട്ടൽ മാറാതെ ബന്ധുക്കൾ
ഉളിക്കൽ: ഏകമകന്റെ വിവാഹത്തിനുള്ള അവസാന വട്ട ഒരുക്കൾക്കിടെ അമ്മയും ഉറ്റബന്ധുവും മരണപെട്ടത്തോടെ അപകടത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ. ബന്ധുക്കളെ വിവാഹം ക്ഷണിക്കാനും വിവാഹ വസ്ത്രങ്ങൾ എറണാകുളത്ത് നിന്ന് എടുത്ത് മടങ്ങുന്നതിനിടെ പ്രതിശ്രുത വരനും കുടുംബവും സഞ്ചരിച്ച കാർ ബസിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഉളിക്കൽ കാലാങ്കി സ്വദേശികളായ കെ ടി ബീന അടുത്ത ബന്ധുവായ ബി ലിജോ എന്നിവരാണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്.
ബീനയുടെ ഏകമകൻ ആൽബിന്റെ വിവാഹത്തിനായുള്ള അന്തിമ ഒരുക്കങ്ങൾക്കിടെയാണ് അപകടം വില്ലനായത്. ബീനയുടെ ഭർത്താവ് തോമസും മകൻ ആൽബിനും പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. തോമസിന്റെ സഹോദരീ പുത്രനാണ് ലിജോ. രണ്ട് വർഷം മുൻപാണ് ആൽബിന്റെ വിവാഹം ഉറപ്പിച്ചത്. പോളണ്ടിൽ ജോലി ചെയ്യുന്ന ആൽബിൻ വിവാഹത്തിനായി ക്രിസ്തുമസ് ദിനത്തിലാണ് നാട്ടിലെത്തിയത്. 11ന് വിവാഹ നിശ്ചയവും 18ന് വിവാഹവും തീരുമാനിച്ച് അവസാന വട്ട ഒരുക്കങ്ങൾ നടക്കുകയായിരുന്നു. കാലാങ്കിയിലെ വീടിന് 25 കിലോമീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്.
ബസിലേക്ക് ഇടിച്ച് കയറിയ വാഹനത്തിന്റെ രജിസ്ട്രേഷൻ കർണാടകയിൽ നിന്നുള്ളത് ആയതിനാൽ അപകടത്തിൽപ്പെട്ടത് മലയാളികൾ അല്ലെന്ന ധാരണയിലായിരുന്നു നാട്ടുകാരുണ്ടായിരുന്നത്. ആശുപത്രിയിൽ വച്ച് ആൽബിൻ സംസാരിച്ചതോടെയാണ് അപകടത്തിൽപ്പെട്ടത് മലയാളികളാണെന്ന് തിരിച്ചറിയുന്നത്. സ്റ്റിയറിംഗിൽ കുടുങ്ങിയ നിലയിലായിരുന്നു ആൽബിനുണ്ടായിരുന്നത്. ലിജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മംഗളൂരുവിലേക്ക് കൊണ്ടുപോയി.