ജില്ലാ കോടതിയിലെ കെട്ടിട സമുച്ചയം ഉദ്ഘാടനം 25ന്;പത്ത് കോടതികൾ പുതിയ കെട്ടിടത്തിലേക്ക്
തലശ്ശേരി. ജില്ലാ കോടതിയിൽ നിർമിച്ച കെട്ടിടസമുച്ചയം 25ന് 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന 10 കോടതികളുടെ പ്രവർത്തനോദ്ഘാടനം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിഥിൻ മധുകർ ജംദാർ നിർവഹിക്കും.സ്പീക്കർ എ.എൻ.ഷംസീർ അധ്യക്ഷത വഹിക്കും. ഹൈക്കോടതിയിലെ 7 ജഡ്‌ജിമാർ, മന്ത്രിമാർ, ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് ജില്ലാ ജഡ്ജി കെ.ടി.നിസാർ അഹമ്മദ്, പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.എ.സജീവൻ, സെക്രട്ടറി ജി.പി.ഗോപാലകൃഷ്‌ണൻ എന്നിവർ അറിയിച്ചു.പ്രിൻസിപ്പൽ ജില്ലാ കോടതി, മുൻസിഫ് കോടതി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി, പോക്സോ കോടതി എന്നിവ പൈതൃക കെട്ടിടങ്ങളിൽ തുടരും. പുതിയ കെട്ടിട സമുച്ചയത്തിൽ കോടതികൾ അന്നുതന്നെ സിറ്റിങ് നടത്തും.
നിലവിൽ സബ് കോടതി പ്രവർത്തിക്കുന്ന പൈതൃക കെട്ടിടം കോടതി മാറുന്ന മുറയ്ക്ക് കോടതി മ്യൂസിയമാക്കും. 8 നിലകളിലുള്ള പുതിയ കെട്ടിടം ആധുനിക സൗകര്യങ്ങളോടെയാണ് നിർമിച്ചിട്ടുള്ളത്.അഭിഭാഷകർക്കും ഗുമസ്തൻമാർക്കും വനിതാ അഭിഭാഷകർക്കും കക്ഷികൾക്കും വിശ്രമിക്കാനുള്ള മുറി,പോസ്റ്റ് ഓഫിസ്,ബാങ്ക്, കന്റീൻ എന്നിവ സമുച്ചയത്തിലുണ്ടാകും. കോടതി ഹാളുകൾ ശീതീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.പുതിയ കെട്ടിടത്തിലെ ബാർ അസോസിയേഷൻ ഹാളിലേക്കുള്ള ഫർണിച്ചർ, ബോർഡ്, ഫോട്ടോ തുടങ്ങിയവ വാങ്ങുന്നതിന് അഡ്വ. എം.കെ.ദാമോദരൻ ജൂനിയർമാർ 10 ലക്ഷം രൂപ സംഭാവന നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ 4ന് തലശ്ശേരി കോടതിയുടെ ചരിത്രം ഉൾപ്പെടുത്തി ജില്ലയിലെ 15 ചിത്രകാരന്മാർ പുതിയ കെട്ടിട സമുച്ചയ അങ്കണത്തിൽ ചിത്രരചന നടത്തും.24ന് അഭിഭാഷകരും കോടതി ജീവനക്കാരും വക്കീൽ ഗുമസ്തൻമാരുമുൾപ്പെടെ അണിനിരക്കുന്ന വിളംബര ജാഥ നടത്തും. ഉദ്ഘാടനത്തിനു ശേഷം വൈകിട്ട് 5 മുതൽ കലാപരിപാടികളും 7മുതൽ 9 വരെ മെഗാഷോയും അരങ്ങേറും.