Uncategorized

‘കൂട്ടായ്മയുടെ വിജയം; കലോത്സവത്തെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിക്കും’ : മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവം അടുത്ത വര്‍ഷം ഗിന്നസ് ബുക്കിലേക്കെന്ന് മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ മാനുവല്‍ പരിഷ്‌കരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കും. കലോത്സവ വേദിയായി ഗ്രാമങ്ങളും പരിഗണിക്കണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ പരാതികളില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വിദ്യാഭ്യാസ വകുപ്പിന്റെ വലിയ നേട്ടമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇത് കൂട്ടായ്മയുടെ പ്രവര്‍ത്തനമാണെന്നും കൂട്ടായ്മയില്‍ എല്ലാവരും അവരവരുടെ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പങ്ക് അദ്ദേഹം എടുത്ത് പറഞ്ഞു.

അടുത്ത വര്‍ഷം യുവജനോത്സവം ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തന്നുതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ടി തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ഈ വര്‍ഷത്തെ സ്‌കൂള്‍ തലം മുതലുള്ള മത്സരങ്ങള്‍ ഞങ്ങള്‍ നിരീക്ഷിച്ചു. അതില്‍ കണ്ട ചില കാര്യങ്ങളുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണിതെന്നതാണ് ഒന്നാമത്തെ കാര്യം. പ്രത്യേകിച്ച് ഡാന്‍സ് ഉള്‍പ്പടെയുള്ള ഇനങ്ങളില്‍. അതില്‍ വളരെ പാവപ്പെട്ട കുട്ടികളും ഉണ്ട്. നല്ല സാമ്പത്തിക ശേഷിയുള്ള ചില സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകളുമാണെങ്കില്‍ സാമ്പത്തിക ശേഷി കുറഞ്ഞ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളാണ്. സമ്പത്തിന്റെ വേര്‍തിരിവ് ഇക്കാര്യത്തില്‍ കാണുന്നുണ്ട്. അക്കാര്യത്തില്‍ എന്തുചെയ്യണമെന്ന് ആലോചിക്കേണ്ടതുണ്ട്. രണ്ടാമത്തെത്, സ്‌കൂള്‍ തലത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികളാണല്ലോ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഒക്കെ വരുന്നത്. ജില്ലാ തലത്തിലും സ്‌കൂള്‍ തലത്തിലും കുറച്ച് കൂടി ശ്രദ്ധവേണം എന്ന് ആലോചിക്കുന്നു. ഈ തലങ്ങളില്‍ വിധികര്‍ത്താക്കളെ നിര്‍ണയിക്കുന്ന രീതിയും മാനദണ്ഡവുമെല്ലാം പരിഗണിക്കണം. അതിനുസരിച്ച് മാനുവലില്‍ അല്‍പ്പം കൂടി പരിഷ്‌കരണം വേണമെന്ന് ആഗ്രഹിക്കുന്നു. അതിനൊരു ഉന്നതതല സമിതിയെ നിയോഗിക്കാനുള്ള ആലോചനയുണ്ട് – അദ്ദേഹം വെളിപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button