Uncategorized

സെപ്റ്റിക് ടാങ്ക് ശുചിയാക്കുമ്പോൾ സ്ലാബ് കാലിൽ വീണു, കഴുത്തോളം മാലിന്യത്തിൽ അകപ്പെട്ടു; രക്ഷിച്ചത് സാഹസികമായി

തൃശൂർ: ശുചീകരണത്തിനിടെ സെപ്റ്റിക് ടാങ്ക് മാലിന്യത്തിൽ അകപ്പെട്ട് യുവാവ്. ഹരി എന്ന 32കാരനാണ് അപകടത്തിൽപ്പെട്ടത്. ഒരു മണിക്കൂറോളം നീണ്ട സാഹസികമായ രക്ഷപ്രവർത്തനത്തിന് ഒടുവിലാണ് ഫയർ ആന്‍റ് റെസ്ക്യൂ സംഘം യുവാവിനെ രക്ഷിച്ചത്. തൃശൂർ നടത്തറ പഞ്ചായത്തിലെ ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ബേക്കറി യൂണിറ്റിന് പിന്നിലെ സെപ്റ്റിക് ടാങ്ക് ശുചീകരിക്കുന്നതിനിടെയാണ് അപകടം.

ഏകദേശം 12 അടി താഴ്ചയുള്ള ടാങ്കിൽ ഇറങ്ങി വൃത്തിയാക്കുന്നതിനിടയിൽ മുകളിലിരുന്ന അഞ്ച് ഇഞ്ച് കനവും നാലടി വീതിയും നാലടി നീളവും ഉള്ള കോൺക്രീറ്റ് സ്ലാബ് മുകളിൽ നിന്ന് മലപ്പുറം സ്വദേശിയായ ഹരിയുടെ കാലിലേക്ക് വീഴുകയായിരുന്നു. കഴുത്തോളം സെപ്റ്റിക് ടാങ്ക് വേസ്റ്റിൽ അകപ്പെട്ട ഹരിയെ കക്കൂസ് വേസ്റ്റ് പമ്പ് ചെയ്ത് മാറ്റിയാണ് രക്ഷിച്ചത്. ഒരു മണിക്കൂറോളം നീണ്ട സാഹസികമായ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കാലിൽ കുടുങ്ങിയ സ്ലാബ് മാറ്റി. എന്നിട്ട് സെപ്റ്റിക് ടാങ്കിൽ നിന്നും യുവാവിനെ പുറത്തെടുത്തു.

പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിലേക്ക് അയച്ചു. രക്ഷാപ്രവർത്തനത്തിന് തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ബി വൈശാഖ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി അനിൽകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം ജി രാജേഷ് കുമാർ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർമാരായ കെ എൽ എഡ്വർഡ്, എ എസ്‌ അനിൽജിത്ത്, ബി രഞ്ജിത്ത്, ആർ ശ്രീ ഹരി , വി ഗുരുവായൂരപ്പൻ, എൻ ജയേഷ്, കെ പ്രകാശൻ, വി വി ജിമോദ്, ഹോം ഗാർഡ് പ്രേംജിത്ത് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button