Uncategorized

അപാര ധൈര്യം തന്നെ! പുള്ളിപ്പുലിയെ വാലിൽ പിടിച്ച് കറക്കിയെടുത്ത് യുവാവ്, പിന്നാലെ വലയിലാക്കി വനംവകുപ്പ്

ബെംഗളൂരു: കാട് വിട്ട് നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ഭീഷണിയിൽ പൊറുതുമുട്ടിയ ഗ്രാമ വാസികൾക്ക് രക്ഷകനായി യുവാവ്. കർണ്ണാടകയിലെ നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ വാലിൽ പിടിച്ച് കറക്കിയെടുത്ത യുവാവിന് അഭിനന്ദന പ്രവാഹം. തുംകുരു ജില്ലയിലാണ് ഗ്രാമവാസികൾക്ക് പേടിസ്വപ്നമായി വിലസിയ പുള്ളിപ്പുലിയെ ആനന്ദ് എന്ന യുവാവ് തന്ത്രപൂർവം പിടികൂടിയത്.

ഗ്രാമത്തിൽ പുള്ളിപ്പുലി ഇറങ്ങി ദിവസങ്ങളായിട്ടും പിടികൂടാൻ വനം വകുപ്പിന് സാധിച്ചിരുന്നില്ല. വനംവകുപ്പും നാട്ടുകാരും കെണിയൊരുക്കിയെങ്കിലും പുള്ളിപ്പുലി അതിലൊന്നും കുടുങ്ങിയില്ല. വളർത്ത് മൃഗങ്ങളെ ആക്രമിച്ച പുലി നാട്ടുകാർക്ക് ഭീഷണിയായി വിലസുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും ഗ്രാമത്തിൽ എത്തിയത്. നാട്ടുകാർ സംഘടിച്ചെത്തി പുലിയെ വളഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിരുന്നു.

പുലിയെ പിടികൂടാനാകില്ലെന്ന് ഉറപ്പിച്ച സമയത്താണ് ഗ്രാമവാസിയായ ആനന്ദ് സ്ഥലത്തെത്തിയത്. പുലിയുടെ പിന്നിലൂടെ പതുങ്ങിയെത്തിയ അനന്ദ് വാലിൽ പിടുത്തമിട്ടു. പിന്നാലെ പുലിയെ പിടിച്ച് കറക്കി. അതേസമയം ഫോറസ്റ്റ് ഉദ്യോഗസ്ഥർ വലയുമായെത്തി പുള്ളിപ്പുലിയെ മൂടി. പുലി വലയിലായി എന്നുറപ്പിക്കുന്നത് വരെ ആനന്ദ് വാലിൽ നിന്നും പിടി വിട്ടില്ല. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ യുവാവിന്‍റെ ധീരതയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. പുലിയെ പിന്നീട് വനം വകുപ്പ് സമീപത്തെ വനത്തിൽ തുറന്നുവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button